
ചെന്നൈ: ഡിഎംകെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ് എംഎൽഎ നിയമസഭയിൽ. ടിവികെ സർക്കാർ രൂപീകരണം തടയാൻ ഡിഎംകെ ശ്രമിച്ചതായി ലീഗ് എംഎൽഎ എ എം ഷാജഹാൻ പറഞ്ഞു. മെയ് എട്ടിന് രണ്ട് ലീഗ് എംഎൽഎമാരെ ഹോട്ടലിൽ പൂട്ടിയിട്ടു. രാത്രി 10 മണിക്ക് ശേഷം മുറിയിൽ അടച്ചിട്ടതും ഭീഷണിപ്പെടുത്തിയതും ആരെന്ന് ഇപ്പോൾ പറയുന്നില്ല. പലതും പറയരുതെന്ന് പാർട്ടി വിലക്കിയിട്ടുണ്ട്. ബിജെപി ഭരണം തടയാൻ ആണ് വിജയ്ക്ക് പിന്തുണ നൽകിയതെന്നും ഷാജഹാൻ നിയമസഭയിൽ പറഞ്ഞു.
ലീഗിന്‍റെ എംഎൽഎമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ ശ്രമം നടന്നെന്നാണ് ഷാജഹാൻ ആരോപിച്ചത്. ലീഗ് യോഗത്തിൽ എംഎൽഎ എസ്എസ്ബി സയ്യിദ് ഫാറൂഖ് ബാഷ സമാനമായ ആരോപണം ഉന്നയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഷാജഹാനും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം ചില രാഷ്ട്രീയ പാർട്ടികൾ കോടികളുമായി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്നാണ് സയ്യിദ് ഫാറൂഖ് ബാഷ ആരോപിച്ചത്. ലീഗ് ജില്ലാ ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു ബാഷയുടെ വെളിപ്പെടുത്തൽ. തദ്ദേശ സ്വയംഭരണം, ഗതാഗതം എന്നീ വകുപ്പുകളാണ് വാഗ്ദാനം ചെയ്തതെന്നും എന്നാൽ പാർട്ടിയുടെ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാതെ ആ ഓഫർ നിരസിച്ച് അവരെ തിരിച്ചയക്കുകയായിരുന്നുവെന്നും ബാഷ വ്യക്തമാക്കി.
ഈ ആരോപണങ്ങൾക്ക് പിന്നാലെ ഡിഎംകെയും തമിഴക വെട്രി കഴകവും തമ്മിൽ കടുത്ത വാക്പോര് ആരംഭിച്ചു. പൊതുമരാമത്ത് - കായിക വകുപ്പ് മന്ത്രിയും ടിവികെ നേതാവുമായ ആധവ് അർജുന ഡിഎംകെക്കെതിരെ കുതിരക്കച്ചവട ആരോപണവുമായി രംഗത്തെത്തി. ലീഗ് എംഎൽഎമാരെ ഡിഎംകെ എംപി ജഗത് രക്ഷകന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ തടഞ്ഞുവെച്ച് കുതിരക്കച്ചവടത്തിന് ശ്രമിച്ചത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ തിരിച്ചടിച്ചു. നിലവിലെ സർക്കാർ പരസ്യമായ കുതിരക്കച്ചവടത്തിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് ഉദയനിധി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam