പെല്ലറ്റ് കണ്ണില്‍ തുളച്ചുകയറി; ജമ്മു കശ്മീരിന്‍റെ കണ്ണീരായ ഒന്നരവയസുകാരിക്ക് സാമ്പത്തിക സഹായവുമായി സർക്കാർ

By Web TeamFirst Published Dec 1, 2018, 10:48 AM IST
Highlights

കണ്ണീര്‍വാതക പ്രയോഗത്തില്‍ വീട് മുഴുവന്‍ പുകയില്‍ മുങ്ങിയപ്പോള്‍ ഹീബയെയും അഞ്ച് വയസ്സുളള അവളുടെ സഹോദരനെയും കൊണ്ട് അമ്മ മര്‍സാല ജാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവര്‍ക്ക് നേരെ പെല്ലറ്റ് ആക്രമണം ഉണ്ടായത്.

ശ്രീനഗർ: ജമ്മു കശ്മീരില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ ഒന്നരവയസുകാരിയായ ഹീബക്ക് സാമ്പത്തിക സഹായവുമായി സർക്കാർ. ഇതിന്റെ ഭാഗമായി  ഒരു ലക്ഷം രൂപ ഷോപിയാനിലെ ഡെപ്യൂട്ടി കമ്മീഷണറായ ഒവൈസ് അഹമദ് കുഞ്ഞിന്റെ കുടുംബത്തിന് കൈമാറിയതായി സര്‍ക്കാര്‍ അറിയിച്ചു. ഹിബയുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് വേണ്ട എല്ലാ സഹായവും നൽകുമെന്നും കുടുംബത്തിന്  സര്‍ക്കാര്‍ ഉറപ്പ് നല്‍കി.കഴിഞ്ഞ ഞായറാഴ്ച നടന്ന പെല്ലറ്റ് പ്രയോഗത്തിലാണ് ഹീബയുടെ വലതുകണ്ണിന് ഗുരുതര പരിക്കേറ്റത്.

അതേസമയം ഹീബയ്ക്ക് പരിക്കേറ്റ സാഹചര്യത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ജമ്മു കാശ്മീര്‍ പൊലീസിനോടും സര്‍ക്കാരിനോടും  വിശദീകരണം തേടിയിട്ടുണ്ട്. ആദ്യ ശസ്ത്രക്രിയക്ക് ശേഷം ഹിബയെ ശ്രീ മഹാരാജ ഹരി സിങ്ങ് ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ ഹീബക്ക് ഒരു ശസ്ത്രക്രിയ കൂടി ഉണ്ടെന്നും അതിന് ശേഷം മാത്രമേ കാഴ്ചയുടെ കാര്യത്തിൽ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്നും  ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഷോപിയാനിലെ ഗ്രാമമായ ബത്ഗുണ്ടിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഹീബയുടെ കണ്ണിൽ പെല്ലറ്റ് തുളച്ചുകയറിയിരുന്നു. കണ്ണീര്‍വാതക പ്രയോഗത്തില്‍ വീട് മുഴുവന്‍ പുകയില്‍ മുങ്ങിയപ്പോള്‍ ഹീബയെയും അഞ്ച് വയസ്സുളള അവളുടെ സഹോദരനെയും കൊണ്ട് അമ്മ മര്‍സാല ജാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ഇവര്‍ക്ക് നേരെ പെല്ലറ്റ് ആക്രമണം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹീബയുടെ നില ഗുരുതരമാണെന്നും കാഴ്ച നഷ്ടമായേക്കുമെന്നും ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കശ്മീരില്‍ നടന്നിട്ടുള്ള പെല്ലറ്റ് ആക്രമണത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ഹീബ. 
 

click me!