'സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല; മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല'

By Web TeamFirst Published Oct 14, 2018, 1:04 PM IST
Highlights

സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം ഗൗരവതരമെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സർക്കാർ ഇരയ്ക്കൊപ്പം നിൽക്കും. വിഷയം അമ്മയും ഡബ്ല്യുസിസിയും തമ്മിൽ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.  സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഇരയ്ക്കൊപ്പം നിൽക്കും. വിഷയം അമ്മയും ഡബ്ല്യുസിസിയും തമ്മിൽ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന ഒരു പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് നിരന്തം വിളിച്ച് ശല്യപ്പെടുത്തിയെന്നും മുകേഷിന്‍റെ മുറിയുടെ അടുത്തേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചെന്നുമാണ് സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മാത്രം മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. 

ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അമ്മയ്ക്കെതിരെയും അമ്മ പ്രസിഡന്‍റ്  മോഹൻലാൽ ,ഇടവേള ബാബു, ബാബുരാജ് എന്നിവർക്ക് എതിരെയും വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ കടുത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഓഗസ്റ് 7നു നടന്ന ചർച്ചയും വാർത്ത സമ്മേളനവും പ്രഹസനം മാത്രമായിരുന്നു.അമ്മയിൽ ദിലീപിന്‍റെ അംഗത്വം സംബന്ധിച്ച് ഇത് വരെ ഒരു വ്യക്തതയും ഇല്ലെന്നാണ് നടിമാരുടെ പ്രധാന  പരാതി.

click me!