യാക്കോബായ-ഓർത്ത‍ഡോക്സ് പളളിത്തർക്കം; സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇരുപക്ഷവും

By Web TeamFirst Published Nov 30, 2018, 2:24 PM IST
Highlights

പളളിത്തർക്കത്തിൽ നിലപാടെടുക്കാനാകാതെ പിണറായി സർക്കാർ. വിധി നടപ്പാക്കണമെന്ന് ഓർത്ത‍ഡോക്സ് സഭ. സർക്കാർ സമവായ ചർച്ച നടത്തണമെന്ന് യാക്കോബായ വിഭാഗം. 

കൊച്ചി: പളളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി ഓർത്ത‍ഡോക്സ് യാക്കോബായ വിഭാഗങ്ങൾ. പിറവം പളളിയുടെ കാര്യത്തിലടക്കം തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കണമെന്ന് ഓർത്ത‍ഡോക്സ് സഭ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഇടപെട്ട് സമവായ ചർച്ച വേണമെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം.

പിറവം പളളിത്തർക്കത്തിലെ ഹൈക്കോടതി വിമർശനത്തെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ മറുപടിയാണിത്. എന്നാൽ ഇടക്കാല ഉത്തരവിലടക്കം സർക്കാരിന്‍റെ ഇരട്ടത്താപ്പിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതോടെയാണ് ഓർത്ത‍ഡോക്സ് സഭയും രംഗത്തെത്തിയത്. സുപ്രീംകോടതിയുടെ ഒരു വിധി നടപ്പിലാക്കുകയും മറ്റൊന്ന് നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നതിൽ ന്യായീകരണമില്ലെന്ന് ശബരമലയിലെ സർ‍ക്കാർ നിലപാടിനെക്കൂടി പരാർമർശിച്ച് സഭാ തലവൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പളളത്തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തത് സർക്കാരിന് ചില നിഗൂഢ താൽപര്യങ്ങൾ ഉളളതുകൊണ്ടാണ്.

എന്നാൽ, ഇത് വിശ്വാസത്തിന്‍റെ പ്രശ്നമാണെന്നും കോടതിയുത്തരവുകൊണ്ട് വന്നിട്ട് കാര്യമില്ലെന്നുമാണ് യാക്കോബായ വിഭാഗം പറയുന്നത്. ശബരിമല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവുമായി പളളിത്തർക്കത്തെ കൂട്ടിക്കെട്ടേണ്ട. സർക്കാർ മുൻകൈയെടുത്താൽ ഓർത്ത‍‍ഡോക്സ് വിഭാഗവുമായുളള സമവായ ചർച്ചകൾക്ക് യാക്കോബായ സഭ തയാറാണ്.

ലോക്സഭാ തെരഞ്ഞെടുപ്പുകൂടി അടുക്കുന്നതോടെ ഏതെങ്കിലും വിഭാഗത്തിന് അനൂകൂലമായി നിലപാടെടുത്താൽ തിരിച്ചടിയാകുമെന്ന് സർക്കാരിനുമറിയാം. എന്നാൽ ഇപ്പോഴത്തെ ഉരുണ്ടുകളിത്തെതിരെ ഹൈക്കോടതി വീണ്ടും നിലപാട് കടുപ്പിച്ചാൽ പളളിത്തർക്കത്തിൽ പിണറായി സർക്കാർ പ്രതിസന്ധിയിലാകും. 

click me!