
ദില്ലി:അംബാനിക്ക് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഇടപാടുകളും പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നു. 6,600 കോടിയുടെ ഊര്‍ജ്ജ ഉപകരണ ഇറക്കുമതി ഇടപാടിനെതിരായ റവന്യൂ ഇന്‍റലിന്‍സ് അന്വേഷണം കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ ഇടപെട്ട് നിര്‍ത്തി വെപ്പിച്ചെന്ന് പാര്‍ട്ടി നേതാവ് ജയറാം രമേശ് ആരോപിച്ചു. അനിൽ അംബാനിയുടെ കമ്പിനിയെ പങ്കാളിയാക്കിയുള്ള റഫാൽ യുദ്ധ വിമാന ഇടപാടിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനൊപ്പമാണ് അദാനി ഗ്രൂപ്പിന്‍റെ ഇടപാടുകളും കോണ്‍ഗ്രസ് മോദിക്കെതിരായ ആയുധമാക്കുന്നത്.
അദാനി ഗ്രൂപ്പിന്‍റെ 29,000 കോടിയുടെ കല്‍ക്കരി ഇറക്കുമതി ക്രമക്കേടിനെതിരായ ഡി.ആര്‍.ഐ അന്വേഷണത്തിലും കേന്ദ്ര സര്‍ക്കാര്‍ ഒത്തു കളിക്കുകയാണ്. രേഖകള്‍ ആവശ്യപ്പെട്ട് ഡി.ആര്‍.ഐ എസ്.ബി.ഐ സിങ്കപ്പൂര്‍ ബ്രാഞ്ചിന് നല്‍കിയ കത്തിനെതിരെ അദാനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിക്കെതിരെ വാദിക്കാൻ പ്രത്യേക അഭിഭാഷകനെ വയ്ക്കണമെന്ന് റവന്യൂ ഇന്‍റലിജന്‍സ് ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രാലയം അനങ്ങുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ബുധനാഴ്ചയാണ് ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam