ജമ്മുകശ്മീരിൽ രാഷ്ട്രീയ അനിശ്ചിതത്വം; പിഡിപി- എൻസി പാർട്ടികള്‍ കോടതിയിലേക്ക്

By Web TeamFirst Published Nov 22, 2018, 9:27 AM IST
Highlights

നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ ജമ്മുകശ്മീരിൽ രാഷ്ട്രീയ അനിശ്ചിതത്വം. പിഡിപി- എൻസി പാർട്ടികൾ കോടതിയെ സമീപിച്ചേക്കും.

 

ശ്രീനഗര്‍: നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ ജമ്മുകശ്മീരിൽ രാഷ്ട്രീയ അനിശ്ചിതത്വം. മെഹബൂബ മുഫ്തിയും സജാദ് ലോണും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.  പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയായിരുന്നു. ഗവർണറുടെ തീരുമാനം ചോദ്യം ചെയ്ത് പിഡിപി- എൻസി പാർട്ടികൾ കോടതിയെ സമീപിച്ചേക്കും.

അതേസയം, നിയമസഭ പിരിച്ചുവിട്ടതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി. കുതിരക്കച്ചവടം തടയാനാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. തീരുമാനം ചോദ്യം ചെയ്യണമെന്നുളളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും അദ്ദേഹം പറഞ്ഞു. 

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ രാത്രി വൈകി വലിയ രാഷ്ട്രീയ നീക്കങ്ങൾക്കാണ് ജമ്മുകശ്മീര്‍ സാക്ഷിയായത്. അസാധാരണ രാഷ്ട്രീയ നീക്കം നടത്തി പിഡിപി-എൻസി-കോൺഗ്രസ് പാർട്ടികൾ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. പിഡിപി അദ്ധ്യക്ഷ മെഹബൂബ മൂഫ്തി ഗവർണർക്ക് അവകാശവാദം ഉന്നയിച്ച് കത്ത് നൽകിയതിന് പിന്നാലെ ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഇതിനിടെയാണ് ഭരണഘടനയുടെ 53-ാം അനുച്ചേദ പ്രത്യേക അധികാരം ഉപയോഗിച്ച് ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടത്. ഇതോടെ ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണംനിലവിൽ വരും. നിയമസഭ പിരിച്ചുവിട്ടതിനാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതേസമയം 56അംഗങ്ങളുടെ പിന്തുണയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം അംഗീകരിക്കാത്ത ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.

ബിജെപിയുടെ സേച്യാതിപത്യ നിലപാടാണ് ഗവർണർ നടപ്പാക്കിയതെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പ്രതികരിച്ചു. ഗവർണറുടെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാണ് പിഡിപി നീക്കം. 87 അംഗ ജമ്മുകശ്മീർ നിയമസഭയിൽ 44 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആ ഭൂരിപക്ഷം തികക്കാൻ പിഡിപി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് പാർട്ടികൾ ചേർന്നാൽ കഴിയും എന്നിരിക്കെയായിരുന്നു ഗവർണറുടെ അപ്രതീക്ഷിത നീക്കം.

പാക്കിസ്ഥാനുമായി ഗൂഡലോചന നടത്തിയാണ് പിഡിപി കോൺഗ്രസ് പാർട്ടികൾ സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തിയതെന്നാണ് ബിജെപി ആരോപിച്ചത്. 

click me!