
ദില്ലി: 'കോഫീ വിത്ത് കരൺ' എന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ തന്റെ അർദ്ധസഹോദരിയായ അൻഷുല കപൂറിന് ബലാത്സംഗ ഭീഷണി നേരിടേണ്ടി വന്നതായി ജാൻവി കപൂർ. ജാൻവിയെ സഹായിച്ചില്ല എന്ന കാരണത്താലാണ് അൻഷുലയ്ക്ക് വളരെ മോശമായ ട്രോളുകളും ഭീഷണിയും നേരിടേണ്ടി വന്നത്. ആ ഷോയിൽ അൻഷുല പങ്കെടുത്തിരുന്നില്ല എന്നതാണ് സത്യം. താനും സഹോദരൻ അർജ്ജുൻ കപൂറുമായിരുന്നു ആ പരിപാടിയിലെ അതിഥികളെന്ന് ജാൻവി വിശദീകരിക്കുന്നു.
ജാൻവിയുടെ അച്ഛൻ ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകളാണ് അൻഷുല കപൂർ. ഷോയിലെ ഒരു ഗെയിമാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്ന് ജാൻവി വ്യക്തമാക്കുന്നു. ഈ ഷോയ്ക്കിടയിൽ കപൂർ കുടുംബത്തിലെ ആരെയെങ്കിലും വിളിച്ച് തന്നോട് ഹായ് പറയാൻ കരൺ ആവശ്യപ്പെട്ടു. ആദ്യം വിളിച്ച് ഹായ് പറയുന്ന ആളാണ് മത്സരത്തിൽ വിജയിക്കുക. ജാൻവി വിളിച്ചത് അൻഷുലയെ ആയിരുന്നു. കരണിനോട് ഹായ് പറയാൻ ആവശ്യപ്പെട്ടപ്പോൾ അൻഷുല അനുസരിക്കാതെ മിണ്ടാതിരുന്നു. അങ്ങനെ അർജ്ജുൻ ഷോയിൽ വിജയിച്ചു. അർജ്ജുൻ ആദ്യം തന്നെ അൻഷുലയോട് ജാൻവി പറയുന്നത് ചെയ്യരുതെന്ന് ആവശ്യപ്പട്ടിരുന്നു. അതുകൊണ്ടാണത്രേ അൻഷുല മറുപടി നൽകാതിരുന്നത്. വളരെ തമാശയായി ചെയ്ത ഒരു കാര്യമാണിതെന്ന് ജാൻവി വെളിപ്പെടുത്തുന്നു.
പിറ്റേന്ന് ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സഹോദരങ്ങൾക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ വൻവിമർശനമാണ് ഉണ്ടായത്. അൻഷുലയ്ക്കെതിരെ വളരെ മോശമായ ട്രോളുകളും ബലാത്സംഗ ഭീഷണിയും വരെയുണ്ടായി. താൻ ഫോണിൽ വിളിച്ചപ്പോൾ എന്താണ് പറഞ്ഞതെന്ന് അൻഷുല കേട്ടില്ല. അതിനാലാണ് അവൾ മറുപടി പറയാതിരുന്നത് എന്ന് ജാൻവി മറുപടിയും കൊടുത്തിരുന്നു.
പ്രിയങ്ക ചോപ്ര ആതിഥേയ ആയ ഫേസ്ബുക്ക് ലൈവത്തോണിലാണ് ജാൻവി തന്റെ സഹോദരിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. എന്നാൽ ട്രോളുകൾക്ക് എതിരെ കടുത്ത ഭാഷയിലാണ് ഇവരുടെ സഹോദരൻ അർജ്ജുൻ കപൂർ പ്രതികരിച്ചത്. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അര്‍ജുന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam