പാർലമെന്റ് സമ്മേളനത്തിൽ മൂന്നു മിനിറ്റ് വൈകി; മന്ത്രിക്ക് ശകാരം

By Web TeamFirst Published Feb 23, 2019, 12:44 PM IST
Highlights

സകുറാദായുടെ ഈ അലസത അദ്ദേഹം വഹിക്കുന്ന സ്ഥാനത്തോടുള്ള അനാദരവാണ് എന്നാരോപിച്ച് പ്രതിപക്ഷം അദ്ദേഹത്തെ അതിശക്തമായി അപലപിക്കുകയും അഞ്ചുമണിക്കൂറോളം നേരം സഭാനടപടികൾ ബഹിഷ്കരിക്കുകയും ചെയ്തു. 

ജപ്പാനിൽ പാർലമെന്റ് സമ്മേളനത്തിൽ മൂന്നുമിനിട്ടു നേരം വൈകിയെത്തിയ ജപ്പാനിലെ ഒളിമ്പിക്സ് വകുപ്പുമന്ത്രി യോഷിതാകാ സകുറാദായ്ക്ക് പരസ്യമായി സഭയോട് മാപ്പിരക്കേണ്ടി വന്നു. സകുറാദായുടെ ഈ അലസത അദ്ദേഹം വഹിക്കുന്ന സ്ഥാനത്തോടുള്ള അനാദരവാണ് എന്നാരോപിച്ച് പ്രതിപക്ഷം അദ്ദേഹത്തെ അതിശക്തമായി അപലപിക്കുകയും അഞ്ചുമണിക്കൂറോളം നേരം സഭാനടപടികൾ ബഹിഷ്കരിക്കുകയും ചെയ്തു. 
 
ഇതാദ്യമായല്ല സകുറാദായ്ക്ക് ഇങ്ങനെയുള്ള അബദ്ധങ്ങൾ പറ്റുന്നത്. കഴിഞ്ഞാഴ്ച ജപ്പാന്റെ നീന്തൽ തരാം റിക്കാക്കോ ഇക്കീയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. ഒളിമ്പിക്സിൽ മെഡൽ ഉറപ്പായിരുന്ന റിക്കാക്കോയ്ക്ക് ബ്ലഡ് കാൻസർ ബാധിച്ചു എന്നറിഞ്ഞപ്പോൾ താൻ നിരാശനായിപ്പോയി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ പ്രസ്താവനയിൽ തീർത്തും അപമര്യാദയായിപ്പോയി എന്ന വിവാദമുയർന്ന പാടെ സകുറാദാ നിരുപാധികം മാപ്പുപറഞ്ഞിരുന്നു. 

2016-ലും അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവന വിവാദമായിരുന്നു. അന്നദ്ദേഹം ജപ്പാൻ യുദ്ധകാലത്ത് പട്ടാളക്കാരാൽ 'കംഫർട്ട് വിമൻ' എന്ന പേരിൽ നിർബന്ധിത ലൈംഗികചൂഷണങ്ങൾക്ക് വിധേയമാക്കപ്പെട്ട വനിതകളെ 'പ്രൊഫഷണൽ വേശ്യകൾ' എന്ന് പരാമർശിച്ച് കുടുക്കിലായിരുന്നു.  കഴിഞ്ഞ വർഷമാവട്ടെ, സൈബർ സെക്യൂരിറ്റി വകുപ്പ് മന്ത്രികൂടി ആയ സകുറാദാ തുറന്നു പറഞ്ഞത് താൻ ഇന്നോളം ഒരു കമ്പ്യൂട്ടർ കൈകൊണ്ടുപോലും  തൊട്ടിട്ടില്ല എന്നായിരുന്നു. വകുപ്പിലെ തന്റെ ജോലിയെല്ലാം  ചെയ്യുന്നത് തന്റെ കീഴുദ്യോഗസ്ഥരെ വെച്ചാണെന്നും. അതിന്റെ പേരിലും സകുറാദായ്ക്ക് വേണ്ടുവോളം പഴി കിട്ടി.

മൂന്നു മിനിറ്റു വൈകി എന്ന ഒരൊറ്റ പ്രശ്നത്തിന്റെ പേരിൽ മാത്രമല്ല സകുറാദാ  ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്. കഴിഞ്ഞ കുറേകാലമായി  വിവാദങ്ങൾക്കൊപ്പമാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം. ഇവയെ തുടർന്ന് സകുറാദായുടെ രാജിക്കു വേണ്ടിയാണ് ഇപ്പോൾ പ്രതിപക്ഷം മുറവിളി കൂട്ടുന്നത്. 

click me!