മരിച്ച ആൻലിയയെ അധിക്ഷേപിക്കുന്നവര്‍ക്ക് എതിരെ പ്രതികരിച്ച് നഴ്സിംഗ് സമൂഹം

By Web TeamFirst Published Jan 27, 2019, 1:43 PM IST
Highlights

ബാംഗ്ലൂരിൽ നഴ്സായിരുന്ന ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവ്യക്തത തുടരുമ്പോള്‍ ആൻലിയയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നഴ്സിംഗ് സമൂഹം.

കൊച്ചി: ബാംഗ്ലൂരിൽ നഴ്സായിരുന്ന ആൻലിയയെ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവ്യക്തത തുടരുമ്പോള്‍ ആൻലിയയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നഴ്സിംഗ് സമൂഹം. ആൻലിയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള വാർത്തകള്‍ക്ക് കീഴിൽ ആൻലിയയെ അധിക്ഷേപിച്ചും, നഴ്സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലർ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആൻലിയ പഠിച്ച വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് നേഴ്സിംഗിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുഎൻ സംസ്ഥാന പ്രസിഡന്‍റുമായ  ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. 

ആന്‍ലിയയുടെ ഭര്‍ത്താവ് അവളെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും ആൻലിയയെ കാണാതായപ്പോൾ എന്ത് കൊണ്ട് അവളുടെ മാതാപിതാക്കളെ ആദ്യം ആ വിവരം അറിയിച്ചില്ല എന്നും ജാസ്മിന്‍ഷാ ചോദിക്കുന്നു. ആന്‍ലിയയെ കുറിച്ച് പഠിച്ച കോളേജ് അധ്യാപകര്‍ക്കും സഹപാഠികൾക്കും വളരെ നല്ല അഭിപ്രായമാണ്.  ഞാൻ കേട്ടറിഞ്ഞ സ്മാർട്ടായ ആൻലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല എന്നും ജാസ്മിന്‍ഷാ പറഞ്ഞു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ആൻലിയക്ക് വേണ്ടി ഞാൻ ഇത് വരെ ഒരു പോസ്റ്റിട്ടിട്ടില്ല കാരണം ആ മരണത്തിലെ ദുരൂഹത നീക്കേണ്ടത് പോലീസ് തന്നെയാണ്. അതിനാൽ അവരുടെ ഭർത്താവിനെയോ, മറ്റാരേയോ കുറ്റപ്പെടുത്താനോ പഴിചാരാനോ വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ആൻലിയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള വാർത്തക്ക് കീഴിൽ ആൻലിയയെ അധിക്ഷേപിച്ചും, നഴ്സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലർ പോസ്റ്റിടുകയും അതിന് മറുപടി നൽകുകയും ചെയ്തിരുന്നു.നേഴ്സിംഗ് സമൂഹവും അവരെയിഷ്ടപ്പെടുന്നവരും രൂക്ഷമായ ഭാഷയിലാണ് അവഹേളിച്ചവർക്കെതിരെ മറുപടി നൽകിയത്.അതിന് ശേഷം എനിക്ക് വന്ന ചില കോളുകളും, വീഡിയോ മെസേജുകളുമാണ് ഇന്ന് ഈ പോസ്റ്റിടാൻ ആധാരം. പ്രത്രേകിച്ചും ആൻലിയയുടെ ഭർത്താവിന്റെ ഒരു വീഡിയോ. അത് എന്റെ വാളിൽ പോസ്റ്റണം എന്നാണ് അവരുടെ ആവശ്യം. ഞാനത് കണ്ടു, അതിന്റെ മറുപടിയിലേക്ക് വരാം മുൻപ് ആൻലിയയെ കുറിച്ച് ഞാൻ മനസ്സിലാക്കിയത് പറയട്ടെ....

ഞാൻ പഠിച്ച വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് നേഴ്സിംഗിലാണ് ആൻലിയയും പഠിച്ചത്.ആൻലിയയെപ്പറ്റിയുള്ള എന്റെ അന്യോഷണത്തിൽ മികച്ച അഭിപ്രായമാണ് സഹപാഠികൾക്കും, സീനിയർ ജൂനിയർ വിദ്യാർത്ഥികൾക്കും ,അധ്യാപകർക്കും മികച്ച അഭിപ്രായമാണ് അവളെപ്പറ്റി പറയാനുള്ളത്.
പഠനത്തിലെന്ന പോലെ മികച്ച പാട്ടുകാരിയും. കോളേജിലെ സ്മാർട്ട് വിദ്യാർത്ഥിനികളിലൊരാൾ. എപ്പോഴും ചിരിച്ച് സന്തോഷവതിയായി മാത്രം സഹപാഠികൾ കണ്ടവൾ. സംസാരിച്ച ഒരാൾക്ക് പോലും അവളെപ്പറ്റി മോശം അഭിപ്രായമില്ല. അത് പോലെ അവളുടെ മാതാപിതാക്കളെ കുറിച്ചും. പഠന സമയത്ത് മിക്കവാറും ദിവസങ്ങളിൽ എല്ലാ മാതാപിതാക്കളെയും പോലെ ആൻലിയയും മാതാപിതാക്കളുമായി സംസാരിക്കുവായിരുന്നു. പoന സമയത്ത് ഡയറി എഴുതുന്ന സ്വഭാവത്തെപ്പറ്റിയും പലർക്കുമറിയില്ല.പല സഹപാഠികളുമായും ആൻലിയയുടെ മാതാപിതാക്കളും സംസാരിക്കുമായിരുന്നു. അധ്യാപകരും മാതാപിതാക്കളെ കുറിച്ച് നല്ല അഭിപ്രായം.

ഇനി കാര്യത്തിലേക്ക് വരാം.... എനിക്ക് അയച്ചു തന്ന വീഡിയോയിൽ (ഫേസ്ബുക്കിൽ പ്രചരിക്കുന്ന അതേ വീഡിയോ)ഭർത്താവ് പറയുന്ന കാര്യങ്ങളോന്നും ഞാൻ നിഷേധിക്കുന്നില്ല. അത് കേട്ടപ്പോൾ എനിക്കും താങ്ങളോട് സഹതാപം തോന്നി. എന്നാൽ ആൻലിയയുടെ സഹപാഠികളോടും, അധ്യാപകരോടുള്ള അന്വേഷത്തിന് ശേഷം ചില കാര്യങ്ങൾ താങ്ങൾ പറഞ്ഞതിൽ തെറ്റുണ്ട്.ഒരു മാതാപിതാക്കളും വിവാഹ ശേഷം മക്കളെ വിളിക്കാതിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കേട്ടറിഞ്ഞ സ്മാർട്ടായ ആൻലിയ അത്ര പെട്ടെന്ന് മനസ്സ് തകരുന്നവളല്ല. മാതാപിതാക്കളുമായി നല്ല സൗഹൃദത്തിലുമായിരുന്നു. വീഡിയോയിൽ പറയുന്ന ആൻലിയയെ വൈകുന്നേരമായിട്ടും കാണാതായപ്പോൾ പോലീസിൽ അറിയിച്ചുവെന്നാണ് പറഞ്ഞത്. എന്ത് കൊണ്ട് ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല എന്നത് പ്രസകതമായ ചോദ്യമാണ്. അവരെയല്ലേ ന്യായമായും ആദ്യം അറിയിക്കുക?? വീഡിയോ ഒരു ശബ്ദരേഖ രൂപത്തിൽ ഇന്റെർവ്യൂ ആയി വന്നതിനാലാണ് അതൊരു പ്ലാൻഡ് സ്റ്റോറിയാണോയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ സാധിക്കുമോ?

ആരെയും വ്യക്തിപരമായി സംശയിക്കാനോ, മറ്റോ ഞാൻ തയാറല്ല. അത് പോലീസ് തെളിയിക്കട്ടെ... എന്നാൽ മരിച്ച് മണ്ണിനോട് ചേർന്ന ആൻലിയയെ അപമാനിക്കുന്നവരോടും, അധിക്ഷേപിക്കുന്നവരോടും പുച്ഛം.

അവൾക്ക് നീതി ലഭിക്കുന്നവരെ മാത്രം....

അതിനാൽ അവളെ മോശമായി പറയുന്ന വീഡിയോകളോ, മെസേജുകളോ എനിക്ക് അയക്കേണ്ടതില്ല.

ആൻലിയയുടെ വിയോഗത്തിൽ വിഷമിക്കുന്നവരോടൊപ്പം മാത്രമാണ് ഞാൻ....

 

 

click me!