'കണ്ണൂരിന് നല്‍കിയ നികുതി ഇളവ് കരിപ്പൂരിനും വേണം'; യുഡിഎഫ് പ്രക്ഷോഭത്തിന്

By Web TeamFirst Published Jan 27, 2019, 12:57 PM IST
Highlights

കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ച് നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂരിന്‍റെ നികുതി 28 ശതമാനത്തില്‍ തുടരുകയാണ്. 

മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയതിന് സമാനമായ ഇന്ധന നികുതി ഇളവ് കരിപ്പൂർ വിമാന സർവ്വീസിലും വേണമെന്ന ആവശ്യവുമായി പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനം. കോഴിക്കോട് - മലപ്പുറം ജില്ലകളിലെ എം പി മാരടക്കമുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണ് പ്രക്ഷേഭത്തിന് തീരുമാനിച്ചിരിക്കുന്നത്. 

കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറച്ച് നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂരിന്‍റെ നികുതി 28 ശതമാനത്തില്‍ തുടരുകയാണ്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ സാമ്പത്തികമായി ബാധിക്കുമെന്ന് ജനപ്രതിനിധികള്‍ നേരത്തേ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും എം കെ രാഘവന്‍ എം പി നിരാഹാര സമരവും നടത്തിയിരുന്നു. 

വിഷയം നിയമസഭയിൽ ഉന്നയിക്കാനും ആവശ്യമെങ്കിൽ മുഖ്യമന്തിയെ വീണ്ടും കാണാനും യോഗം തീരുമാനിച്ചതായി കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി ചെയർമാൻ പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.  

കുഞ്ഞാലിക്കുട്ടി ചെയർമാനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. അടുത്ത മാസം ഒമ്പതിന് കരിപ്പൂരിൽ ജനപ്രതിനിധികള്‍ സത്യഗ്രഹമിരിക്കും. വിവേചനത്തിനെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. എം.കെ.രാഘവൻ എം പി, എം.എൽ.എമാരായ എം.കെ.മുനീർ, പാറക്കൽ അബ്ദുള്ള, മഞ്ഞളാംകുഴി അലി, അബ്ദുൾ ഹമീദ്, ടി.വി.ഇബ്രാഹിം അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തു. 

പൊതുസ്വകാര്യ മേഖലയിലുള്ള കണ്ണൂരിന് നല്‍കിയ ഇളവ് കരിപ്പൂര്‍ വിമാനത്താവളത്തെ വലിയ രീതിയിലാണ് ബാധിക്കുക. ഇന്ധന നികുതി കുറച്ചതോടെ കരിപ്പൂരില്‍നിന്നുള്ള ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരിലേക്ക് മാറി. കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരില്‍നിന്ന് തുടങ്ങിയത് കരിപ്പൂരിന് തിരിച്ചടിയായി. മൂന്ന് വര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളം സജ്ജീവമാകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്. 

നികുതിയിളവ് തുടര്‍ന്നാല്‍ കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ കണ്ണൂരിലേക്ക് മാറ്റിയേക്കും. ഇന്ധന നികുതി കുറയുന്നതോടെ വിമാനടിക്കറ്റ് നിരക്ക് കൂടി കുറഞ്ഞാല്‍ യാത്രക്കായി സാധാരണക്കാര്‍ കണ്ണൂരിനെ തെരഞ്ഞെടുക്കും. യാത്ര ചെലവിന്‍റെ 70 ശതമാനവും ഇന്ധനത്തിന് ഉപയോഗിക്കുമ്പോള്‍ 27 ശതമാനം ലാഭം വിമാനക്കമ്പനികളെ കണ്ണൂരിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കും. കരിപ്പൂരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഇത് പ്രവാസികള്‍ക്കും കാര്‍ഷിക വ്യാപാര വാണിജ്യ മേഖലകള്‍ക്കും  ആഘാതമാകുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. 
 

click me!