
തിരുവനന്തപുരം: രാജിക്ക് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുൻ മന്ത്രി ഇ പി ജയരാജൻ, തുടക്കത്തിൽ ശാന്തനായിരുന്നു. സഹപ്രവർത്തകരോട് സൗഹൃദം പങ്കിട്ട് ചോദ്യോത്തരവേളയിൽ മുഴുകിയ ജയരാജൻ, പക്ഷേ പിന്നീട് വികാരാധീനനായി. രാജിവച്ചെങ്കിലും ഔദ്യോഗിക വസതിയിൽ നിന്നാണ് ഇ.പി.ജയരാജൻ സഭയിലേക്ക് പുറപ്പെട്ടത്.
ചോദ്യോത്തരവേള തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പുതന്നെ സഭയിലെത്തി. നേരെ പുതിയ ഇരിപ്പിടത്തിലേക്ക്. മുൻ നിര വിട്ട്, രണ്ടാമത്തെ നിരയിൽ വി എസ് അച്യുതാനന്ദൻറെ ഇരിപ്പിടത്തിന് തൊട്ടുപിന്നിലായി ഇ പി ജയരാജൻ ഇരുന്നു. സഹപ്രവർത്തകർ കുശലാന്വേഷണവുമായെത്തി. എല്ലാവരോടും ചിരിച്ച് സംസാരിച്ച്, ഇടയ്ക്ക് കയ്യിലുള്ള കടലാസുകളിൽ കണ്ണോടിച്ച്, ശാന്തത കൈവിടാതെ ഇ പി. മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തോട് ചേർന്നുള്ള കസേരയിൽ ഇരുന്ന മന്ത്രി എകെ ബാലൻ ഇടയ്ക്ക് ഇപിയുടെ സമീപമെത്തി.
ചെറു സംഭാഷണം. ചോദ്യോത്തരവേളയിൽ ഉടനീളം അക്ഷോഭ്യനായിരുന്ന ഇ പി ജയരാജൻ, പക്ഷേ ശൂന്യവേളയിൽ പ്രസ്താവനയ്ക്ക് ഒരുങ്ങിയപ്പോൾ വികാരാധീനനായി. നിയമന വിവാദം കത്തിനിന്ന സഭയിൽ, ഇ പി ജയരാജൻ തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam