വിമാന യാത്രയ്ക്കിടെ രക്തസ്രാവം: ജെറ്റ് എയര്‍വേയ്‌സിനോട് നഷ്ടപരിഹാരം തേടി യാത്രക്കാരന്‍

By Web TeamFirst Published Sep 21, 2018, 1:22 PM IST
Highlights

വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതെ പറന്നതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സിലെ യാത്രക്കാര്‍ക്ക് രക്തസ്രവം അനുഭവപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാര്‍. 30 ലക്ഷം രൂപയാണ് വിമാനക്കമ്പനിയോട്‌ യാത്രക്കാര്‍  നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

മുംബൈ:  വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതെ പറന്നതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സിലെ യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്ന സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാര്‍. 30 ലക്ഷം രൂപയാണ് വിമാനക്കമ്പനിയോട്‌ യാത്രക്കാര്‍  നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 100 വൗച്ചറുകള്‍ കൂടാതെയാണിത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ച ആരോപിച്ചാണ്‌ ഇത്രയും ഭീമമായ തുക നഷ്ടപരിഹാരമായി യാത്രക്കാരന്‍ ചോദിച്ചിരിക്കുന്നതെന്ന്‌ വിമാനക്കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയില്‍ നിന്നും ജയ്പൂറിലേക്ക് പോയ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് രക്തസ്രവവും ശാരീരികാസ്വസ്ഥ്യവും ഉണ്ടായത്.  വിമാനത്തിലെ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് അഞ്ച് യാത്രക്കാരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്തിലുണ്ടായിരുന്ന 171 യാത്രക്കാരില്‍ മുപ്പത് പേര്‍ക്കാണ് ചെവിയിലൂടേയും മൂക്കിലൂടേയും രക്തസ്രവം ഉണ്ടായത്. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.

ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനത്തിലെ വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതിരുന്നതാണ് അപകടകരമായ സ്ഥിതിയുണ്ടാക്കിയത്. വിമാനജീവനക്കാര്‍ ഉടനെ ഓക്സിജന്‍ മാസ്കുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയാണ് സ്ഥിതി നിയന്ത്രിച്ചത്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മര്‍ദം ക്രമീകരിക്കുന്ന സ്വിച്ച് പ്രവര്‍ത്തിപ്പിക്കാതിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് യാത്രക്കാരന്‍ വിമാനക്കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. 

click me!