പ്രവർത്തനം തുടങ്ങും മുമ്പ് റിലയൻസ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി

By Web DeskFirst Published Jul 10, 2018, 2:46 PM IST
Highlights
  • പ്രവർത്തനം തുടങ്ങാത്ത റിലയന്‍സിന്‍റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: പ്രവർത്തനം തുടങ്ങാത്ത റിലയന്‍സിന്‍റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങൾ ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നൽകുന്നത് യു.ജി.സി നിയമ പ്രകാരം തെറ്റല്ലെന്നുമാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍റെ വിശദീകരണം.

നവി മുംബൈയിൽ റിലയന്‍സ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വന്‍ വിവാദമായതോടെയാണ് വിശദീകരണം. റിലയൻസടക്കം മൂന്നു സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഐ.എ.ടി ദില്ലി , മുംബൈ, ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് സയൻസ് എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് ശ്രേഷ്ഠപദവി നല്‍കിയത്. 

മികച്ച നിലവാരമുള്ള കേന്ദ്ര സര്‍വകലാശാലകളെയടക്കം തഴഞ്ഞാണ് ഇനിയും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി നല്‍കിയത്. അതേ സമയം 2017 ൽ തയ്യാറാക്കിയ യു.ജി.സി ചട്ടം ചൂണ്ടിക്കാട്ടിയാണ് ഇതിനെ കേന്ദ്രം ന്യായീകരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനാണ്. ശ്രേഷ്ഠ പദവി കിട്ടാനുള്ള നാലു മാനദണ്ഡങ്ങള്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പാലിക്കുന്നുണ്ടെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വാദം. 
 

click me!