നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; മഹിജയും മകളും സമരം അവസാനിപ്പിച്ചു

By Web DeskFirst Published Apr 9, 2017, 8:51 AM IST
Highlights

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജയും ബന്ധുക്കളും നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍ന്നു. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ജിഷ്ണു കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ സിപി ഉദയഭാനു പറഞ്ഞു. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും സമരം അവസാനിപ്പിക്കും. മുഖ്യമന്ത്രി മഹിജയുമായി ഫോണിൽ സംസാരിച്ചതായി സി.പി.ഉദയഭാനു പറഞ്ഞു. പൊലീസ് അതിക്രമത്തിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇപ്പോള്‍ കൊച്ചിയിലുള്ള മുഖ്യമന്ത്രി അവിടെ നിന്ന് തിരിച്ചെത്തിയാൽ ഉടൻ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വീഴ്ചയുണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മഹിജയ്ക്ക് ഉറപ്പ് നല്‍കി

സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന് രാവിലെ മുതല്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടന്നത്. ഒത്തുതീര്‍പ്പ് നീക്കവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് മഹിജയെയും ജിഷ്ണുവിന്റെ മറ്റ് കുടുംബാംഗങ്ങളെയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം ധരിപ്പിക്കുകയും ചെയ്തു. സമരം വൈകാതെ തീരുമെന്ന് വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കാനം ഇതിനുശേഷം പറഞ്ഞിരുന്നു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ജിഷ്ണുവിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. 

ഇതിന് പിന്നാലെ ജിഷ്ണു കേസിലെ മൂന്നാം പ്രതി ശക്തിവേലിനെ ഇന്ന് കോയമ്പത്തൂരില്‍ നിന്ന് പോലീസ് പിടികൂടി. നാലാം പ്രതിയായ പ്രവീണും പോലീസിന്റെ വലയിലായതായി സൂചനയുണ്ട്. ഇതിനുശേഷമാണ് സിപി ഉദയഭാനു ജിഷ്ണുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് നാലിന് ജിഷ്ണുവിന്റെ കുടുംബം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ നേരത്തെ ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പൊലീസിന് ഒരു വീഴ്ചയും സംഭവിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് സംഭവത്തില്‍ അന്വേഷണം നടത്തിയ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം നല്‍കിയത്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!