
ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ മാങ്ങാട് രത്നാകരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പത്ത് ലോകകപ്പ് ഗോളുകളെക്കുറിച്ച് എഴുതുന്നു.
ആധുനിക ഫുട്ബോളിന്‍റെ ശിൽപ്പി ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ – യൊഹാൻ ക്രൈഫ്. ഫുട്ബോൾ കളിയെ സ്ഥലത്തിലും കാലത്തിലും പ്രതിഷ്ഠിച്ചത് ക്രൈഫാണ്. ബൂട്ടണിഞ്ഞ പൈതഗോറസ് എന്ന വിശേഷണമാണ് ക്രൈഫിനെ തേടിവന്ന ഏറ്റവും അർത്ഥവത്തായ വിശേഷണം. ഐസക് ന്യൂട്ടന്‍റെ ഊർജ്ജതന്ത്ര നിയമത്തിൽ മൂന്നാമത്തേത് ക്രൈഫ് ഫുട്ബോളിനായി ഇങ്ങനെ മാറ്റിയെഴുതി. Every disadvantage has its own advantage. എല്ലാ കോട്ടങ്ങൾക്കും അതിന്‍റേതായ നേട്ടങ്ങളുണ്ട്.
ഒരേയൊരു ലോകകപ്പിൽ മാത്രം കളിച്ച ക്രൈഫ് ആകെ നേടിയത് മൂന്നു ഗോളുകൾ. അയാക്സിലും ബാഴ്സലോണയിലും അന്തർദേശീയ മത്സരങ്ങളിലുമായി നേടിയ 368 ഗോളുകളുടെ ഒരടിക്കുറിപ്പു പോലുമല്ല അത്.
1973-ൽ ബാഴ്സലോണയ്ക്കുവേണ്ടി റയൽ മാഡ്രിഡിനെതിരെ നേടിയ ഗോൾ, ഫാന്‍റം ഗോൾ അഥവാ പ്രേത ഗോൾ എന്നാണ് അറിയപ്പെടുന്നത്. ഒരു നിമിഷത്തിന്‍റെ നൂറിലൊരംശത്തിന്‍റെ കൃത്യതയുള്ള ഗോൾ.
1974 ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളിൽ അർജന്‍റീനക്കെതിരെയുള്ള പോരാട്ടം. നാലു ഗോളിന് ഹോളണ്ട് ജയിച്ചു. രണ്ടു ഗോൾ ക്രൈഫിന്‍റേത്. അതിലെ ആദ്യഗോൾ പന്തിനെ തടുത്തുനിർത്തുന്നതിലും, സ്വന്തം ഇഷ്ടത്തിനു മെരുക്കുന്നതിലും, വരുതിയിൽ നിർത്തുന്നതിലും, ലക്ഷ്യം കാണുന്നതിലും പൂർണ്ണത തേടിയ ഗോൾ. അനായാസം, ലളിതം..
പക്ഷേ ക്രൈഫ് തന്നെ പറയുന്നതു പോലെ ഏറ്റവും ലളിതമായ ഫുട്ബോൾ കളിക്കുകയാണ് ഏറ്റവും സങ്കീർണ്ണമായ കാര്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam