
പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ പഞ്ച്കുല പ്രത്യേക സി ബി ഐ കോടതി ഈ മാസം 11ന് വിധി പ്രഖ്യാപിക്കും. കേസിലെ മുഖ്യപ്രതിയായ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെ വീഡിയോ കോൾ വഴി കോടതി കോടതിയില്‍ ഹാജരാക്കുക. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.
2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകൻ ഛത്രപതിക്കെതിരെ ഗുർമീത് വെടിയുതിർത്തത്. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടർന്നാണ് ഛത്രപതിയെ ഗുർമീത് വെടിവച്ചത്. സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2003ൽ മരണത്തിന് കീഴടങ്ങി. തുടർന്ന് ആ വർഷം സംഭവത്തിൽ കേസ് എടുക്കുകയും 2006ൽ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു.
ഗുർമീതിനെ കോടതിയിൽ ഹാജരാക്കുന്നത് വൻ സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സർക്കാർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി വീഡിയോ കോൾ സൗകര്യം ഏർപ്പെടുത്തിയത്. 2017ൽ ഗുർമീതിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ കലാപത്തിൽ 40ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്തരമൊരും സാഹചര്യം ഒഴിവാക്കുന്നതിനാണ് വീഡിയോ കോൾ സംവിധാനം ഏർപ്പെടുത്തിയതെന്നും സർക്കാറിന്റെ ഹർജിയിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam