ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ ജവാന്‍ വെടിവെച്ചുകൊന്നു

By Web DeskFirst Published Nov 21, 2017, 8:48 PM IST
Highlights

അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. പ്രമുഖ ബംഗാളി ദിനപത്രത്തിലെ മുതിര്‍ന്ന ലേഖകനായ സുദീപ് ദത്ത ഭൗമികിനെയാണ് സുരക്ഷാ ജവാന്‍ വെടിവെച്ചുകൊന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ത്രിപുരയില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ത്രിപുര സംസ്ഥാന റൈഫിള്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഗര്‍ത്തലയില്‍ നിന്നും 20 കി.മി. അകലെ ആര്‍കെ നഗറിലാണ് കൊലപാതകം നടന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആര്‍കെനഗറിലെ സെക്കന്‍ഡ് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ഓഫീസില്‍ എത്തിയ സുദീപ് ദത്ത ഭൗമിക്കും സുരക്ഷാ ജവാനും തമ്മില്‍ ഉണ്ടായ തര്‍ക്കം വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഓഫീസിലെ കമാന്‍ഡന്‍റിനെ സന്ദര്‍ശിക്കുന്നതിന് നേരത്തെ ഭൗമിക്ക് അനുവാദം വാങ്ങിയിരുന്നു. എന്നാല്‍ ഓഫീസിന് വെളിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ പ്രകോപിതനായ സുരക്ഷാ ജവാന്‍ തന്റെ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സുദീപ് തത്ക്ഷണം മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്തംബര്‍ 20 ന് ത്രിപുരയിലെ ദിന്‍രാത് ന്യൂസിലെ ശന്തനുഭൗമിക് എന്ന മാധ്യമപ്രവര്‍ത്തനും കൊലപ്പെട്ടിരുന്നു. ഇന്റിജിനയസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്ന ഗോത്രസംഘടനാ പ്രവര്‍ത്തകരും ഭരണപാര്‍ട്ടിയായ സിപിഐഎമ്മിന്‍റെ ഗോത്രസംഘടനയായ ത്രിപുര രാജേര്‍ ഉപജാതി ഗണമുക്തി പരിഷത് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതനിടെയായിരുന്നു ഭൗമിക്കിന്‍റെ മരണം. ശന്തനുവിന്‍റെ കൊലപാതകത്തില്‍ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

click me!