
ദില്ലി: കൊളീജിയം തീരുമാനം അസാധാരണമായി പിൻവലിച്ചതിൽ അതൃപ്തി അറിയിച്ച് ജസ്റ്റിസ് മദൻ ബി ലോക്കൂര്‍. താൻ ഉൾപ്പെട്ട കൊളീജിയം എടുത്ത തീരുമാനം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്നും ജസ്റ്റിസ് മദൻ ബി ലോക്കൂര്‍ ദില്ലിയിൽ പറഞ്ഞു. ചീഫ് ജസ്റ്റിസിന്‍റെയും ജഡ്ജിമാരുടെയും പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ഭരണസംവിധാനത്തിലെ മാറ്റം ആവശ്യപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് മദൻ ബി ലോക്കൂര്‍. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം മാധ്യമ പ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേസായിയുമായി നടത്തിയ സംഭാഷണത്തിലാണ് കൊളീജിയം തീരുമാനത്തിലെ അസാധാരണ നടപടിക്കെതിരെ ജസ്റ്റിസ് ലോക്കൂര്‍ തുറന്നടിച്ചത്.
ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയും സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള തീരുമാനം താനുൾപ്പെട്ട കൊലീജിയമാണ് ഡിസംബര്‍ 12ന് എടുത്തത്. കൊളീജിയം എടുക്കുന്ന തീരുമാനം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുക സാധാരണ നടപടിക്രമമാണ്. അതുണ്ടായില്ല എന്നത് നിരാശപ്പെടുത്തി. ഈ വിഷയത്തിൽ ഇത് ആദ്യമായാണ് ജസ്റ്റിസ് ലോക്കൂര്‍ പ്രതികരിക്കുന്നത്.
കൊളീജിയത്തിൽ ഗുണകരമായ മാറ്റം ആവശ്യമാണ്. ജഡ്ജിമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനം പല മാറ്റങ്ങൾക്കും തുടക്കമിട്ടു. ജഡ്ജിമാര്‍ അഴിമതി നടത്തിയാൽ അവര്‍ക്കെതിരെ നടപടിയെടുക്കാൻ സംവിധാനം ഉണ്ടാകണം. ജഡ്ജിമാര്‍ വിരമിച്ച ശേഷം ഗവര്‍ണര്‍, രാജ്യസഭാ അംഗം പോലുള്ള പദവികളൊന്നും ഏറ്റെടുക്കുന്നത് ശരിയല്ല. താൻ അത്തരം പദവികൾ ഏറ്റെടുക്കില്ല എന്നും ജസ്റ്റിസ് ലോക്കൂര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam