സിബിഐ കേസിൽ നിന്നും ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി; നാടകീയത തുടരുന്നു

By Web TeamFirst Published Jan 24, 2019, 11:46 AM IST
Highlights

നാഗേശ്വര റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. പ്രത്യേക വിശദീകരണം നൽകാതെയാണ് ജസ്റ്റിസ് സിക്രിയുടെ പിന്മാറ്റം.

ദില്ലി: സിബിഐ ഇടക്കാല ഡയറക്ടർ എം നാഗേശ്വര റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും പിന്മാറി. പ്രത്യേക വിശദീകരണം നൽകാതെയാണ് ജസ്റ്റിസ് സിക്രിയുടെ പിന്മാറ്റം.

നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ഈ കേസിൽ നിന്നും പിന്മാറിയിരുന്നു . ഇന്ന് ഉച്ചയ്ക്ക്  ശേഷം നടക്കുന്ന പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ചീഫ് ജസ്റ്റിസ് പിൻമാറിയത്. ഇതിന് ശേഷമാണ് രണ്ടാം നമ്പർ കോടതിയിൽ ജസ്റ്റിസ് സിക്രിയുടെ മുന്നിലേക്ക് ഈ കേസെത്തുന്നത്.

ഇത്തരത്തിൽ കേസിൽ നിന്ന് ജഡ്‍ജിമാർ പിൻമാറുന്നത് ജനങ്ങളുടെ ഇടയിൽ തെറ്റിധാരണയുണ്ടാക്കുമെന്നും അതിനാൽ തന്നെ കേസ് പരിഗണിക്കണമെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും ഇത് ജസ്റ്റിസ് സിക്രി പരിഗണിച്ചില്ല.

കേസ് ഇനി ആര് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തീരുമാനിക്കും.

click me!