'ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിച്ചു'; തുറന്നടിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

By Web TeamFirst Published Dec 3, 2018, 2:13 PM IST
Highlights

ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിച്ചുവെന്ന് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ വരെ ഇവര്‍ കൈകടത്തി. മുന്നറിയിപ്പ് നല്‍കിയിട്ടും തിരുത്താന്‍ തയ്യാറായില്ല.

ദില്ലി: ദീപക് മിശ്രക്കെതിരെ തുറന്നടിച്ച് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നതെന്ന് കുര്യന്‍ ജോസഫ് പറഞ്ഞു. ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ വരെ ഇവര്‍ കൈകടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് ജസ്റ്റിസിനെ നരേന്ദ്ര മോദിയുടെ  കളിപ്പാവയായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായതായി എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് കോളിളക്കം സൃഷ്ടിച്ച വാര്‍ത്താസമ്മേളനത്തിന് പിന്നിലെ രഹസ്യങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേറ്റ് നാല് മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ചില ബാഹ്യശക്തികള്‍ക്ക് കീഴപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് മുതിര്‍ന്ന് ജഡ്ജിമാര്‍ക്ക് ബോധ്യം വന്നു. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, സുപ്രധാന കേസുകള്‍ രാഷ്ട്രീയ ആഭിമുഖ്യമുള്ള ചില ജഡ്ജിമാര്‍ക്ക് നല്‍കുന്ന സ്ഥിതിയെത്തി. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിലും ഇത്തരം ആളുകള്‍ ഇടപെട്ട് തുടങ്ങി.

തുടര്‍ന്ന് ഇക്കാര്യം ജസ്റ്റിസ് ദീപക് മിശ്രയുമായി മുതിര്‍ന്ന് ജഡ്ജിമാര്‍ സംസാരിച്ചു. ഈ പ്രവണത ശരിയല്ലെന്നും കോടതിയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നിട്ടും ഫലം കാണാതെ വന്നപ്പോഴാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ജനങ്ങളോട് പറയേണ്ടി വന്നത്. വാര്‍ത്താസമ്മേളനം നടത്താമെന്ന ആശയം മുന്നോട്ട് വെച്ചത് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ആയിരുന്നുവെന്നും കുര്യന്‍ ജോസഫ് വെളിപ്പെടുത്തി. രണ്ട് ദിവസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ജസ്റ്റിസ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

കുര്യന്‍ ജോസഫ് ജോസഫിന്‍റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് കോണ്‍ഗ്രസും രംഗത്ത് വന്നു. പ്രധാനമന്ത്രിയുടെ കളിപ്പാവ മാത്രമായിരുന്നു ചീഫ് ജസ്റ്റിസ്  എന്നത് ഇതോടെ വ്യക്തമായതായി പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല ട്വീറ്റ് ചെയ്തു.ഒരു പ്രധാനമന്ത്രിക്ക് ഇത്തരത്തില്‍ ഏകാധിപതിയാവാന‍് കഴിയുമോ എന്ന് ജനങ്ങല്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

click me!