പൊലീസിൽ പീഡന പരാതി നൽകി; അക്രമികൾ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

By Web TeamFirst Published Dec 3, 2018, 12:50 PM IST
Highlights

പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകാൻ രണ്ടാമത്തെ തവണയാണ് യുവതി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. ആദ്യത്തെ തവണ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ പൊലീസുകാർ മടക്കി അയക്കുകയായിരുന്നു.

ലക്നൗ: പീഡിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ പരാതി നൽകാൻ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചവർതന്നെയാണ് ആക്രമണത്തിന് പിന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശരീരത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ സിതാപൂരിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.  

പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകാൻ രണ്ടാമത്തെ തവണയാണ് യുവതി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. ആദ്യത്തെ തവണ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ പൊലീസുകാർ മടക്കി അയക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമ്പൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഒാം പ്രകാശ് സരോജിനേയും ഹെഡ് കോൺസ്റ്റബിൾ ചെഡിലാലിനേയും ഡിജിപി ഒപി സിം​ഗ് സസ്പെൻഡ് ചെയ്തു.     

നവംബർ 29ന് ഭർതൃവീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ സഹോദ​രങ്ങളായ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്നും ഒാടി രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെ താമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ല. കൂടാതെ സ്റ്റേഷനിൽനിന്നും യുവതിയെ പൊലീസ് ഇറക്കി വിടുകയും ചെയ്തു. വീട്ടിലെത്തിയ യുവതി സംഭവം വീട്ടുകാരെ അറിയിച്ചു. തുടർന്ന് നവംബർ 30ന് വീട്ടുകാർ ഉത്തർപ്ര​ദേശ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ച പ്രകാരം പൊലീസെത്തുകയും താമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. 

പിന്നീട് ഡിസംബർ ഒന്നിന് പരാതി നൽകാൻ മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതികൾ തീകൊളുത്തി. തുടർന്ന് നിലവിളി കേട്ട് നാട്ടുകാർ ഒാടിയെത്തുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുരായി മേഖലയിലെ കരിമ്പിൻ തോട്ടത്തിനടുത്തുവച്ചായിരുന്നു സംഭവം. 

കേസിൽ സഹോദരങ്ങളായ രാജേഷ്, രാമു എന്നിവർക്കെതിരെ ലൈം​ഗിക പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. യുവതി ​ദളിത് ആയതിനാൽ എസ് സി/എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തുമെന്ന് എസ് പി പ്രഭാകർ ചൗധരി വ്യക്തമാക്കി. 
 

click me!