കണ്ണൂര്‍ വിമാനത്താവളം; ആരും ഒന്ന് വിളിക്കാന്‍ പോലും തയ്യാറായില്ല: പരാതിയുമായി കെ ബാബു

Published : Dec 08, 2018, 08:10 PM ISTUpdated : Dec 08, 2018, 08:59 PM IST
കണ്ണൂര്‍ വിമാനത്താവളം; ആരും ഒന്ന് വിളിക്കാന്‍ പോലും തയ്യാറായില്ല: പരാതിയുമായി കെ ബാബു

Synopsis

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ആ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുവാന്‍ അഞ്ചു വര്‍ഷക്കാലം ഈ പദ്ധതിയെ നയിച്ച എന്നെ ഒന്ന് വിളിക്കുവാൻ പോലും എൽ ഡി എഫ് സര്‍ക്കാരും കിയാൽ മാനേജ്‌മെന്റും തയ്യാറായില്ല- കെ ബാബു പറഞ്ഞു.

കൊച്ചി: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കു സംസ്ഥാന സർക്കാരോ, കിയാൽ മാനേജ്മെന്റോ തന്നെ വിളിച്ചില്ലെന്ന പരാതിയുമായി മുന്‍ മന്ത്രി കെ ബാബു. വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. പക്ഷെ, ഒരു ഫോൺ കോൾ എങ്കിലും ആകാമായിരുന്നുവെന്ന് ബാബു കുറ്റപ്പെടുത്തി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചടങ്ങിലേക്ക് ക്ഷണിക്കാതെയുള്ള അവഗണയ്ക്കെതിരെ കെ ബാബു പ്രതികരിച്ചത്.

ഉത്തര മലബാറിന്റെ സ്വപ്നമായ കണ്ണൂര്‍ അന്താരാഷ്‌ട്ര ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം നാളെ ഔദ്യോഗികമായി യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍  അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. കടലാസില്‍ മാത്രമായിരുന്ന കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള പദ്ധതിയെന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി, മലയാളിയുടെ സ്വപ്നത്തിന് അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിറകുകള്‍ നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തിയും അതിലേറെ ചാരിതാര്‍ത്ഥ്യവുമുണ്ട്. പക്ഷെ, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ആ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുവാന്‍ അഞ്ചു വര്‍ഷക്കാലം ഈ പദ്ധതിയെ നയിച്ച എന്നെ ഒന്ന് വിളിക്കുവാൻ പോലും എൽ ഡി എഫ് സര്‍ക്കാരും കിയാൽ മാനേജ്‌മെന്റും തയ്യാറായില്ല. എങ്കിലും ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു- കെ ബാബു പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011ല്‍ അധികാരമേറ്റ് 15 ദിവസത്തിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന്‍ ഭാവിപദ്ധതികള്‍ മുന്‍ഗണന ക്രമത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. 2016ല്‍ കോഡ്-ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പരീക്ഷണ പറക്കലും നടത്തി.  ഫണ്ട് കണ്ടെത്തല്‍ വലിയൊരു വെല്ലുവിളിയായിരുന്നു. അതിനായി കാനറ ബാങ്കിന്‍റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയെ ചേര്‍ത്ത് ബാങ്ക് കൺസോർഷ്യം രൂപീകരിച്ച് 892 കോടി രൂപ വായ്പയിനത്തില്‍ സമാഹരിച്ചു.

പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ ഒരു ഭഗീരഥ പ്രയത്നമായിരുന്നു. അത് വിജയകരമായി പരാതികൾക്കിട നൽകാതെ പൂർത്തീകരിക്കുവാൻ സാധിച്ചു. കൂടാതെ റൺവേ നിര്‍മ്മാണത്തിനായി 10.25 ഏക്കര്‍ ഭൂമി അധികമായി ഏറ്റെടുത്തു. 2014-ല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, റൺവേ നിര്‍മ്മാണം, പാറപൊട്ടിക്കല്‍ എന്നിവയിൽ അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്ഥലം എം. എല്‍. എയും ഇപ്പോഴത്തെ ഉത്സാഹ കമ്മറ്റിക്കാരും കാണിച്ച ‘ആത്മാര്‍ഥത’ ഞാന്‍ ഓര്‍ക്കുന്നു. 

2016ൽ റൺവേയുടെ നിർമ്മാണം പരിപൂർണ്ണമായി പൂർത്തിയാക്കി പരീക്ഷണ പറക്കലും വിജയകരമായി നടത്തിയിരുന്നു. എ.ടി.സി. ടവർ, ടെക്നിക്കൽ ബിൽഡിംഗ്, ടാക്സി വേ, ഏപ്രൻ, ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗ്‌ എന്നീ നിർമ്മാണ പ്രവർത്തനങ്ങളും ഇ ആൻഡ് എം ഉപകരണങ്ങൾ, എസ്കലേറ്റർ, ലിഫ്റ്റ് എന്നിവയുടെ ടെണ്ടർ നടപടികളും ഉൾപ്പെടെ പദ്ധതിയുടെ 90 ശതമാനം പ്രവർത്തനങ്ങളും ഉമ്മൻ ചാണ്ടി സർക്കാർ പൂർത്തിയാക്കിയിരുന്നു.

 ബി. പി. സി. എല്ലുമായുള്ള ഇക്വിറ്റി പാർട്ടിസിപ്പേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, മെറ്റീരിയോളജിക്കല്‍ വകുപ്പ് എന്നിവയുമായുള്ള വിവിധ ധാരണാപത്രങ്ങള്‍, ബി. പി. സി. എല്‍. – കിയാല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ജോയിന്റ് വെഞ്ച്വര്‍ കമ്പനിയുടെ രൂപീകരണം, റൺവേയുടെ നിർമ്മാണം, സ്റ്റാറ്റ്യൂട്ടറിയായി വേണ്ട അനുമതികൾ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിങ്ങനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേവലം രണ്ട് വർഷം കൊണ്ടാണ് നടന്നതെന്നത് പകല്‍ പോലെ വ്യക്തമാണ്. എന്നാൽ ബാക്കി പത്ത് ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ എൽ. ഡി. എഫ്. സർക്കാരിന് വേണ്ടി വന്നത് രണ്ടര വർഷമാണ്! 

സർക്കാർ പദ്ധതി പ്രവർത്തനങ്ങളിൽ പുലർത്തിയ അലംഭാവവും അവധാനതയും താല്പര്യമില്ലായ്മയും ഇതിൽ വ്യക്തമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം അറിയാമെങ്കിലും നേരിട്ട് ഒരു ഫോൺ വിളിച്ച് ക്ഷണിക്കുവാനുള്ള സൗമനസ്യം കാണിക്കുവാന്‍ സര്‍ക്കാരോ കിയാൽ മാനേജ്മെന്റോ തുനിഞ്ഞില്ലെന്നത് അത്യന്തം ഖേദകരമാണ്. എങ്കിലും ഞാന്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു- കെ ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്