
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കവി സുഗതകുമാരിയുടെ നിലപാടിനെ വിമർശിച്ച് എഴുത്തുകാരി കെ.ആർ മീര. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ ലിംഗനീതി ഉറപ്പാവില്ലെന്ന സുഗതകുമാരിയുടെ പ്രസ്താവനയെയാണ് കെ.ആർ മീര വിമര്‍ശിച്ചത്.
ലിംഗനീതി എന്ന പദത്തിലൂടെ ലിംഗമുള്ളവര്‍ക്ക് നീതി എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നതെന്ന് കെ.ആര്‍. മീര ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ചാനല്‍ ചര്‍ച്ചക്കിടെയാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അവരുടെ പദവി ഉയരുമോ എന്ന് സുഗതകുമാരി ചോദിച്ചത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ സ്ത്രീകളുടെ പദവി ഉയരുമോ? കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശബരിമല പ്രവേശനമാണോ, മറ്റും പ്രശ്നങ്ങളൊക്കെ പരിഹരിച്ച് കഴിഞ്ഞോയെന്നും കഴിഞ്ഞ ദിവസം സുഗതകുമാരി ചോദിച്ചിരുന്നു.
ഈ വിഷയത്തില്‍ ഒരു പരിസ്ഥിതിവാദിയെന്ന നിലയിലാണ് മറുപടി പറയുക എന്ന് പറഞ്ഞ സുഗതകുമാരി, ശബരിമലയില്‍ ആണുങ്ങളും പോകരുത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയുടെ കാരിയിങ് കപ്പാസിറ്റി തകര്‍ന്നുകഴിഞ്ഞു. ശബരിമലക്ക് താങ്ങാനാകാത്തത്ര ആളുകള്‍ അങ്ങോട്ട് എത്തിക്കഴിഞ്ഞു. ഇനി ലക്ഷക്കണക്കിന് സ്ത്രീകളെക്കൂടി കൊണ്ടുപോകാനാണ് ഉദ്ദേശം. ശബരിമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. ശബരിമലയെ ഒരു നഗരമാക്കാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ശബരിമലയെ യുദ്ധഭൂമിയാക്കരുതെന്നും സുഗതകുമാരി അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെയാണ് കെ.ആർ മീര ഫേസ്ബുക്കിൽ പ്രതികരിച്ചത്.’യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരി. ‘ലിംഗനീതി’ എന്ന പദത്തിലൂടെ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി ’ എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?’. എന്നായിരുന്നു മീരയുടെ ഫേസ്ബുക് പോസ്റ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam