കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരന്‍

By Web TeamFirst Published Feb 18, 2019, 8:51 PM IST
Highlights

സിപിഎമ്മിന് ആയുധം താഴെ വയ്ക്കാന്‍ പറ്റില്ല. താലിബാന്‍ പോലും ല‍ജ്ജിക്കുന്ന ക്രൂരതയാണ് കാസര്‍കോട് നടന്നത്. നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്.

കല്യോട്ട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണ്. കേരള പൊലീസ് അന്വേഷണം ഒരിക്കലും ഗൂഡാലോചനയില്‍ പ്രവർത്തിച്ചവരിലേക്ക് എത്തില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറി'ലായിരുന്നു സുധാകരന്‍റെ പ്രതികരണം.

കാസര്‍കോട് നടന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്. മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്കുള്ള ക്രൂരതയാണ് കൊല്ലപ്പെട്ടവരോട് ചെയ്തതെന്നും കെ സുധാകരന്‍ പറഞ്ഞു. പൊലീസിന് ഭീഷണിയെക്കുറിച്ച് വിവരമുണ്ടായിരുന്നുവെന്നും എന്നാല്‍ ഒന്നും ചെയ്തില്ലെന്നും കെ സുധാകരന്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആരോപിച്ചു. 

സിപിഎമ്മിന് ആയുധം താഴെ വയ്ക്കാന്‍ പറ്റില്ലെന്നും താലിബാന്‍ പോലും ല‍ജ്ജിക്കുന്ന ക്രൂരതയാണ് കാസര്‍കോട് നടന്നതെന്നും കെ സുധാകരൻ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ തന്നെയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. കൊലപാതകികള്‍ കൃത്യമായ ആയുധ പരിശീലനം ലഭിച്ചവരാണെന്നും കെ സുധാകരന്‍ പറഞ്ഞു.

click me!