കണ്ണീരോടെ വിട: വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു

By Web TeamFirst Published Feb 18, 2019, 8:51 PM IST
Highlights

കാസർകോട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
 

കാസർകോട്: കാസർകോട് കല്യോട്ട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.

മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു സംസ്കാരച്ചടങ്ങ്. ഇരുവരുടെയും കൂട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങൾ ചിതയിലേക്കെടുത്തപ്പോൾ പൊട്ടിക്കരഞ്ഞു. ഏറെ പണിപ്പെട്ടാണ് പാർട്ടി നേതാക്കളും നാട്ടുകാരും ഇവരെ സമാധാനിപ്പിച്ചത്. 

അൽപസമയം മുൻപ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും വീട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവന്നപ്പോഴും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങളിലേക്ക് വീണ് മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.

പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച വിലാപ യാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും ടി സിദ്ദിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു.

പല ഇടങ്ങളിലായി നൂറ് കണക്കിനാളുകളാണ് അന്തിമോചാരം അർപ്പിക്കാൻ കാത്തുനിന്നത്. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും അന്തിമോപചാരം അർപ്പിച്ചു. നേരത്തെ വീടുകളിലെത്തി നേതാക്കൾ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചിരുന്നു.

ഇരുവരുടെയും കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർകോട്ട് പ്രഖ്യാപിച്ച ഹർത്താൽ പൂർണമാണ്. വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. സംഭവം നടന്ന കല്യോട്ടും കാസർകോട് നഗരത്തിലും ഇന്നലെ രാത്രി അക്രമങ്ങൾ നടന്നിരുന്നെങ്കിലും ഇന്ന് ശാന്തമായിരുന്നു. സുരക്ഷാ മുൻ കരുതലുകൾക്കായി നാല് പ്ലാറ്റൂൺ അധിക പൊലീസിനെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും സംസ്കാരച്ചടങ്ങുകളുടെ ദൃശ്യങ്ങൾ ചുവടെ:

click me!