
തിരുവനന്തപുരം: യുഎഇ ഔദ്യോഗികമായി കേരളത്തിന് 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആര് പറഞ്ഞിട്ടാണ് മുഖ്യമന്ത്രി യുഎഇ 700 കോടി സഹായധനം നല്‍കുമെന്ന് പ്രഖ്യാപിച്ചതെന്ന് ചോദിച്ച സുരേന്ദ്രന്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിണറായിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കിൽ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങൾ മാപ്പുപറയണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
സുരേന്ദ്രന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണം. പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയും. ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്.
പിന്നെ മോദി അത് മുടക്കി എന്നു പറഞ്ഞ് തോമസ് ഐസക്കും കോടിയേരിയും. അതേറ്റുപിടിച്ച് ജിഹാദികളും സി പി എം അണികളും നാടാകെ മോദിക്കെതിരെ നീചമായ പ്രചാരണവും. പ്രളയത്തെ തുടർന്ന് ജനങ്ങളിൽ ഉയർന്നു വന്ന അസാധാരണമായ ഐക്യബോധം തകർക്കാനാണ് ഒരു വിഭാഗം തീവ്രവാദികൾ ഇതുവഴി ശ്രമിച്ചത്.
പ്രധാനമന്ത്രിയുടെ വാളിൽക്കയറി തീവ്രവാദികൾ അങ്ങേയറ്റം വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു. അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചത്? ആർത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു.
കോടിയേരിയുടേത് കേന്ദ്രത്തോടുള്ള യുദ്ധപ്രഖ്യാപനവും. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാൾ അപ്പുറമായിപ്പോയി. ഇനിയെങ്കിലും നിർത്തിക്കൂടെ കോടിയേരി ഐസക്ക് മുതലായവരേ നിങ്ങളുടെ അന്ധമായ ഈ മോദി വിരോധം. ഇതുകൊണ്ട് ആർക്കാ നേട്ടം. കുറച്ച് മതതീവ്രവാദികൾക്കല്ലാതെ. ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കിൽ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങൾ മാപ്പുപറയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam