പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

Published : Aug 24, 2018, 11:20 AM ISTUpdated : Sep 10, 2018, 02:14 AM IST
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു സൗമ്യയ്ക്ക്. ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയ ഇവരെ  രാവിലെ പത്ത് മണിയോടെയാണ്  കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. സ്വന്തം അച്ഛനേയും അമ്മയേയും മകളെയും വിഷം കൊടുത്ത കൊന്ന കേസിലെ പ്രതിയായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ(30)യെയാണ് ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.  

ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു സൗമ്യയ്ക്ക്. ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയ ഇവരെ  രാവിലെ പത്ത് മണിയോടെയാണ്  കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ കെട്ടഴിച്ച് നിലത്തിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗമ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. 

കാമുകന്‍മാരുമൊത്തുള്ള വഴിവിട്ട ജീവിതത്തിന് തടസ്സമാണെന്ന് വന്നതോടെയാണ് സൗമ്യ പിതാവിനേയും മാതാവിനേയും മകളേയും മാസങ്ങളുടെ ഇടവേളയില്‍ വിഷം കൊടുത്തു കൊന്നതെന്നാണ് പൊലീസ് കേസ്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകങ്ങള്‍. 

2018 ജനുവരി 21-നാണ് സൗമ്യയുടെ മകള്‍ ഐശ്വര്യ (9) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെടുന്നത്. മാര്‍ച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമലയും (65), ഏപ്രില്‍ 13-ന് പിതാവ് കുഞ്ഞിക്കണ്ണനും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ചര്‍ദ്ദിയും വയറിളക്കവും അടക്കം സമാനലക്ഷണങ്ങളോടെ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. 

ശാസ്ത്രീയ പരിശോധനകളില്‍ മൂന്ന് പേരുടേയും മരണകാരണം വിഷബാധയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സൗമ്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസ് തെളിയുന്നത്. മകള്‍ക്ക് മീന്‍കറിയിലും മാതാപിതാക്കള്‍ക്ക് രസത്തിലുമാണ് വിഷം കലക്കി നല്‍കിയതെന്ന് സൗമ്യ മൊഴിനല്‍കിയതായി പൊലീസ് പറയുന്നു.  

മുന്‍ഭര്‍ത്താവും കാമുകന്‍മാരുമടക്കം പലരേയും കേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും സൗമ്യയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാതാപിതാക്കളേയും മകളേയും കൊന്ന ശേഷം സൗമ്യയും വിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയിലായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനല്ല കൊലപാതകങ്ങളില്‍ സംശയമുണ്ടാവാതിരിക്കാനാണ് സൗമ്യം വിഷം കഴിച്ചതെന്നായിരുന്നു  പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം ആത്മഹത്യാ പ്രവണതയുള്ള സൗമ്യയെ പോലൊരു പ്രതിയെ ഒറ്റയ്ക്ക് താമസിപ്പിച്ചിതിലും ആവശ്യമായ നിരീക്ഷണം ഉറപ്പാക്കത്തതിലും ജയില്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും എന്നാണ് സൂചന.

പിണറായി കൂട്ടക്കൊലയെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്: ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സൗമ്യ ഇരട്ടി സ്വദേശിയായ ഒരു ലൈംഗികത്തൊഴിലാളി വഴി ചില പുരുഷന്‍മാരുമായി വഴിവിട്ട സ്ഥാപിച്ചിരുന്നു. ഇവരില്‍ പലരും സൗമ്യയെ തേടി പിണറായിയിലെ വീട്ടിലെത്തുമായിരുന്നു.  ഇങ്ങനെ വന്ന രണ്ട് പേര്‍ക്കൊപ്പം സൗമ്യയെ വീട്ടിലെ മുറിയില്‍ വച്ച് മകള്‍ കണ്ടിരുന്നു. നാട്ടുകാര്‍ പരാതി പറഞ്ഞതോടെ മാതാപിതാക്കളും മകള്‍ക്കെതിരെ തിരിഞ്ഞു. ഇതോടെയാണ് ഘട്ടംഘട്ടമായി കുടുംബത്തെ ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചത്. സൗമ്യയുടെ മറ്റൊരു മകള്‍ ഒന്നരവയസുകാരി കീര്‍ത്തന 2012-ല്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചിരുന്നു എന്നാല്‍ ഇത് കൊലപാതകമല്ലെന്നാണ് നിഗമനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ