പിണറായിക്ക് കൂവലും മോദിക്ക് കയ്യടിയും കേരളം നല്‍കുമെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Jan 17, 2019, 12:18 PM IST
Highlights

ശബരിമല വിഷയത്തിൽ ഇടത് സർക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോൺഗ്രസിന്‍റെ ഇരട്ടത്താപ്പും തുറന്നുകാണിച്ചു. മേലനങ്ങാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള കോൺഗ്രസിന്‍റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ലെന്നാണ് മോദി പറഞ്ഞതിന്റെ പച്ചമലയാളമെന്ന് സുരേന്ദ്രന്‍ പറഞ്ഞു

കാസര്‍ഗോഡ്: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്കെതിരെ പരിഹാസശരങ്ങള്‍ ചൊരിഞ്ഞ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം എതിരാളികളെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രി കൊല്ലത്ത് അദ്ദേഹം നടത്തിയ പ്രസംഗം രണ്ടു കൂട്ടരേയും അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ഇടത് സർക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോൺഗ്രസിന്‍റെ ഇരട്ടത്താപ്പും തുറന്നുകാണിച്ചു.

മേലനങ്ങാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള കോൺഗ്രസിന്‍റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ലെന്നാണ് മോദി പറഞ്ഞതിന്റെ പച്ചമലയാളമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പുതിയ അസ്ത്രങ്ങളുമായി മോദി ഇനിയും കേരളത്തിലേക്ക് വരുമെന്നും രണ്ടിലൊന്ന് അറിഞ്ഞിട്ടേ ബാക്കിയുള്ളൂ എന്ന് കുറിച്ച ബിജെപി നേതാവ് ജനുവരിയിലെ മരം കോച്ചുന്ന തണുപ്പത്ത് ഇങ്ങനെ വിയർക്കാൻ തുടങ്ങിയാൽ ഏപ്രിൽ, മെയ് മാസത്തിലെ കൊടുംചൂടിൽ ഇരുമുന്നണികളും കുറച്ചൊന്നുമായിരിക്കില്ല ഉഷ്ണിക്കേണ്ടി വരികയെന്ന മുന്നറിയിപ്പും നല്‍കി. 

കെ സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോദിജിയുടെ ആദ്യ കേരളസന്ദർശനം തന്നെ എതിരാളികളെ തീർത്തും പരിഭ്രാന്തരാക്കിയിരിക്കുന്നു എന്നതാണ് ഇടതുവലതു നേതാക്കളുടെ പ്രതികരണങ്ങൾ കാണിക്കുന്നത്. കൊല്ലത്ത് അദ്ദേഹം നടത്തിയ പ്രസംഗം രണ്ടു കൂട്ടരേയും അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിൽ ഇടതു സർക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പും തുറന്നുകാണിച്ചു. ശബരിമല സംരക്ഷിക്കാൻ വിശ്വാസികളോടൊപ്പം ആത്മാർത്ഥമായി നിന്നത് ബി. ജെ. പി മാത്രമാണെന്നും അതിനായി പ്രവർത്തകർ നടത്തിയ ത്യാഗോജ്ജ്വലമായ സമരങ്ങൾ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മേലനങ്ങാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള കോൺഗ്രസ്സിന്റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ല എന്നുതന്നെയാണ് മോദി പറഞ്ഞതിന്റെ പച്ചമലയാളം. ലിംഗ നീതിയുടെ കാര്യത്തിൽ ഇടതു വലതു കാപട്യം മുത്തലാഖ് വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു. മുന്നോക്ക സംവരണ വിഷയത്തിലും ലീഗിനെയും സി. പി. ഐയേയും മുന്നിൽ നിർത്തി ഇരുമുന്നണികളും നടത്തുന്ന കള്ളക്കളി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ സന്ദർശനത്തിനായി. അഴിമതി, വർഗ്ഗീയപ്രീണനം, വികസന വിരുദ്ധത ഇതു മൂന്നും മുഖമുദ്രയാക്കിയ ഇരുമുന്നണികളെക്കൊണ്ടും ജനങ്ങളെ അണി നിരത്തി കണക്കുപറയിക്കും എന്നു തന്നെയാണ് മോദി പറഞ്ഞതിന്റെ സാരം. പ്രചാരണം ആരംഭിച്ചിട്ടേയുള്ളൂ. മോദി ഇനിയും വരും കേരളത്തിലേക്ക്. പുതിയ അസ്ത്രങ്ങളുമായി. ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂ. ജനുവരിയിലെ മരം കോച്ചുന്ന തണുപ്പത്തേ ഇങ്ങനെ വിയർക്കാൻ തുടങ്ങിയാൽ ഏപ്രിൽ മെയ് മാസത്തിലെ കൊടും ചൂടിൽ ഇരുമുന്നണികളും കുറച്ചൊന്നുമായിരിക്കില്ല ഉഷ്ണിക്കേണ്ടി വരിക. പിണറായിക്കു കൂവലും മോദിക്കു കയ്യടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നതെന്നതിന്റെ ട്രെയിലറാണ് കൊല്ലത്ത് കണ്ടത്. കൊടുത്താൽ കൊല്ലത്തും കിട്ടും. പീരങ്കി മൈതാനത്തുനിന്ന് ശക്തന്റെ മണ്ണിലേക്ക് അടുത്തയാഴ്ച വീണ്ടും.

 

click me!