ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ്

By Web TeamFirst Published Jan 17, 2019, 12:14 PM IST
Highlights

നേരത്തെ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ട് തിരുവന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു

കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസില്‍ ഇതുവരെ നടത്തിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ തുടര്‍ അന്വേഷണം നടത്താമെന്നും വ്യക്തമാക്കി കൊണ്ടാണ് വിജിലന്‍സ്  ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 

നേരത്തെ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പാളിച്ചകള്‍ ചൂണ്ടിക്കാട്ടി തിരുവന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ പുനരന്വേഷണം നടത്തണം എന്ന നിര്‍ദേശത്തോടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് തള്ളിയത്.

വിജിലന്‍സ് കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് കെഎം മാണി ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിയിലാണ് വീണ്ടും അന്വേഷണം നടത്താന്‍ തയ്യാറാണെന്ന്  നിലപാട് വിജിലന്‍സ് വ്യക്തമാക്കിയത്. തന്നെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി നടപടി അസാധുവാക്കണമെന്നും തനിക്ക് നേരെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയിലെത്തിയത്. 

എന്നാല്‍ മാണിക്ക് പിന്നാലെ വിഎസ് അച്യുതാനന്ദനും ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തി. മാണിക്ക് നേരെ വീണ്ടും അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാരിന്‍റെ അനുമതി തേടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് ഹൈക്കോടതിയിലെത്തിയത്. രണ്ട് പേരുടേയും ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കേസില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. 

click me!