
തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ മലകയറേണ്ടെന്ന നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുന്ന ആക്ടിവിറ്റുകൾ പോകേണ്ട എന്നാണ് ഉദ്ദേശിച്ചത്. അത് വ്യക്തത വരുത്തി പറയേണ്ടിയിരുന്നു. ഇത് തന്നെയാണ് പാർട്ടി സെക്രട്ടറിയും ഉദ്ദേശിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ആക്ടിവസ്റ്റ് രഹ്ന ഫാത്തിമയും ഹൈദരാബാദില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും മലകയറാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലെന്ന് കടകംപള്ളി പറഞ്ഞിരുന്നു. വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണന. എന്നാല്‍ ശക്തി തെളിയിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിന് സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഈ അഭിപ്രായത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ആക്ടിവിസ്റ്റുകൾക്ക് ശബരിമല ദർശനം നടത്താനാകില്ല എന്ന് പാർട്ടിക്ക് അഭിപ്രായമില്ല. വിശ്വാസികളായ ആക്ടിവിസ്റ്റുകൾക്കും ശബരിമല ദർശനം നടത്താം. എന്നാൽ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പ്രതിഷേധിക്കാൻ അവിടേക്ക് എത്തുന്നത് ശരിയല്ല. അത്തരക്കാരുടെ കാര്യത്തിൽ പൊലീസിന് യുക്തമായ തീരുമാനമെടുക്കാം എന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam