
തിരുവനന്തപുരം: വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏതാനും ദിവസങ്ങൾക്കകം തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷ. കോൺഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നില്‍. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകേണ്ട കാര്യം സർക്കാറിനില്ല. തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി അന്തിമമാണെന്ന് തന്ത്രികുടുംബത്തിനും വിവാദങ്ങളുണ്ടാക്കുന്നവർക്കും അറിയാഞ്ഞിട്ടല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകേണ്ടവർ നൽകട്ടെ. ഹർജിയിൽ അന്തിമതീരുമാനം വരുമ്പോൾ നോക്കാമെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
"ചോദിച്ചുവാങ്ങിയ വിധിയെന്ന പ്രതിപക്ഷനേതാവിന്‍റെ പരാമർശം തന്നെ ഉദാഹരണം. ഇടത് സർക്കാരോ സിപിഎമ്മോ ശബരിമലയിൽ സ്ത്രീപ്രവേശനം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പോയിട്ടില്ല. വിശ്വാസികൾക്കിടയിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹിന്ദുമതത്തിന്‍റെ ആചാരങ്ങളെക്കുറിച്ച് അഗാധപാണ്ഡിത്യമുള്ളവരടങ്ങുന്ന ഒരു കമ്മീഷൻ രൂപീകരിച്ച് അന്തിമതീരുമാനമെടുക്കണമെന്നാണ് ഇടത് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. ഭരണഘടനയുടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് സുപ്രീംകോടതി അന്തിമവിധി പറഞ്ഞതും. ഇതൊന്നും യുഡിഎഫിനും വിവാദമുണ്ടാക്കുന്ന മറ്റ് പലർക്കും അറിയാഞ്ഞിട്ടാണോ?" -കടകംപള്ളി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam