'ബിജെപി നേതാക്കളേ, ആത്മാർഥതയും ഉളുപ്പും അങ്ങാടിയിൽ വാങ്ങാൻ കിട്ടില്ല': കടകംപള്ളി

By Web TeamFirst Published Nov 2, 2018, 7:08 PM IST
Highlights

ശബരിമല തീർഥാടനത്തിന് പോയ പത്തനംതിട്ട സ്വദേശി ശിവദാസൻ മരിച്ചത് പൊലീസ് നടപടിയ്ക്കിടെയെന്ന സംഘപരിവാർ പ്രചാരണത്തിനെതിരെ രൂക്ഷവിമർശനവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശാസ്ത്രലോകത്തെയും കുറ്റാന്വേഷണവിദഗ്ധരെയുമാകെ അമ്പരപ്പിയ്ക്കുന്ന ആരോപണവുമായാണ് ബിജെപി നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് പോയ പത്തനംതിട്ട സ്വദേശി ശിവദാസൻ മരിച്ചത് പൊലീസ് നടപടിയ്ക്കിടെയെന്ന സംഘപരിവാർ സംഘടനകളുടെ പ്രചാരണത്തിന് മറുപടിയുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. 18-ന് ശബരിമലയിൽ പോയ ശിവദാസൻ 17-ന് മരിയ്ക്കുന്നതെങ്ങനെയെന്ന് കടകംപള്ളി ചോദിയ്ക്കുന്നു. 17-ന് ശിവദാസൻ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടെങ്കിൽ 19-ന് രാവിലെ എങ്ങനെ ഭാര്യയെ വിളിയ്ക്കുമെന്നും കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി പ്രസിഡന്‍റ് പോലും നട്ടാൽ കുരുക്കാത്ത നുണയുമായി രംഗത്തുവരികയാണ്. ആത്മാർഥതയും ഉളുപ്പുമൊന്നും അങ്ങാടിയിൽ കിട്ടില്ലെന്നും കടകംപള്ളി പരിഹസിക്കുന്നു. 

പോസ്റ്റിന്‍റെ പൂർണരൂപം:

''പന്തളം സ്വദേശിയായ ശിവദാസന്‍ ശബരിമലയിലേക്ക് പോയത് കഴിഞ്ഞ മാസം 18 നായിരുന്നു. 19-ാം  തീയതി ശിവദാസന്‍ ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ശിവദാസന്‍ വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് മകന്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ ശിവദാസന്റെ മൃതദേഹം ളാഹയില്‍ നിന്ന് കണ്ടെത്തി. ശിവദാസന്‍ സഞ്ചരിച്ച സ്കൂട്ടറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇതെല്ലാം യാഥാര്‍ത്ഥ്യം. പക്ഷേ, ബിജെപി നേതാക്കള്‍ പറയുന്നത് ലോകത്തെയാകെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. 18-ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസന്‍ 17-ന് നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവത്രേ. 17-ന്പന്തളത്തെ വീട്ടിലുണ്ടായിരുന്ന ശിവദാസന്‍ എങ്ങനെയാണ് അന്നേ ദിവസം നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ മരിക്കുക? 19-ാം തീയതി വീട്ടിലേക്ക് ഫോണ്‍ വിളിച്ച ശിവദാസന്‍ എങ്ങനെയാണ് 17-ാം തീയതി കൊല്ലപ്പെടുക? കഥയില്‍ ചോദ്യമില്ലെന്ന് പറയാന്‍ വരട്ടെ. ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയുമാകെ അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ പത്തനംതിട്ട ജില്ലയാകെ ഹര്‍ത്താലും നടത്തി ആഘോഷിച്ചു. ആത്മാര്‍ത്ഥത, ഉളുപ്പ് ഇതൊക്കെ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ലെന്നറിയാം. അഭിഭാഷകനായ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പോലും നട്ടാല്‍ കുരുക്കാത്ത നുണയുമായി രംഗത്ത് വരുമ്പോള്‍ പറയാന്‍ ഇത്ര മാത്രം.

"കാലമിന്ന് കലിയുഗമല്ലയോ
ഭാരതമിപ്രദേശവുമല്ലയോ
നമ്മളെല്ലാം നരന്മാരുമല്ലയോ...
ചെമ്മെ നന്നായി നിരൂപിപ്പിനെല്ലാരും."

 

click me!