കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം  ചരിത്രത്തിലാദ്യമായി ബിജെപിക്ക് കിട്ടിയതില്‍ പരസ്പരം പഴിചാരി  എല്‍‍ഡിഎഫും യുഡിഎഫും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ചരിത്രത്തിലാദ്യമായി ബിജെപിക്ക് കിട്ടിയതില്‍ പരസ്പരം പഴിചാരി എല്‍‍ഡിഎഫും യുഡിഎഫും. സിപിഎം-ബിജെപി ധാരണ മൂലമാണ് ബിജെപിക്ക് നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കിട്ടിയതെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍ ഗ്രൂപ്പ് വഴക്ക് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹായിച്ചെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ആകെ കിട്ടിയ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലീഗിനായതിനാല്‍ കോര്‍പ്പറേഷനില്‍ കാര്യമായ ഒരു സ്ഥാനവും ഇല്ലാത്ത സ്ഥിതിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്.

കോഴിക്കോട് കോര്‍പ്പറേഷനിലെ നികുതി കാര്യ ക്ഷേമസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും നാലു വീതം അംഗങ്ങളാണുള്ളത്. ഒരംഗം മാത്രമുള്ള എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തള്ളി ബിജെപിയുടെ വിനീത സജീവന്‍ അധ്യക്ഷസ്ഥാനത്തേക്ക് എത്തുകയായിരുന്നു. ബിജെപിക്ക് ചരിത്രത്തിലാദ്യമായി ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കിട്ടാന്‍ സിപിഎമ്മാണ് കാരണമെന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തി.

എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ബിജെപിക്ക് സഹായകമായതെന്നും അതിന് തങ്ങളെ പഴിക്കേണ്ടെന്നും ഇടതു മുന്നണി വാദിക്കുന്നു. ആകെയുള്ള എട്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളില്‍ ആറും ഇടതു മുന്നണിക്കാണ്. പത്ത് വര്‍ഷത്തിന് ശേഷം ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യുഡിഎഫിനും ലഭിച്ചു. ലീഗ് സ്വതന്ത്രയായ കവിതാ അരുണാണ് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ. 28 അംഗങ്ങളുണ്ടായിട്ടും വോട്ട് കൃത്യമായി വിനിയോഗിക്കന്നതിലുണ്ടായ വീഴ്ചയാണ് യുഡിഎഫിനെ ഒരൊറ്റ സ്ഥിരം സമിതിയിലേക്ക് ഒതുക്കിയതെന്ന ആരോപണം മുന്നണിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനവും ആകെയുള്ള സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ലീഗിനായതോടെ കോണ്‍ഗ്രസിന് പ്രധാന സ്ഥാനങ്ങളൊന്നുമില്ലാത്ത അവസ്ഥയായത് പാര്‍ട്ടിയെ പ്രതിരോധത്തിലാഴ്ത്തി.

YouTube video player