
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ല. എന്നാല്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കടകംപളളി പറഞ്ഞു.
മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്നത്തിലും സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍ രൂക്ഷവിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് കടകംപളളി വ്യക്തമാക്കിയത്. എൻഎസ്എസ് മഹനീയ പാരമ്പര്യമുളള സംഘടനയാണ്. ശബരിമല അടക്കമുളള വിഷയങ്ങളില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്നും ദേവസ്വം മന്ത്രി
പറഞ്ഞു.
ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ല. സാമൂഹ്യവിരുദ്ധരെ ഒഴിവാക്കാനുളള പരിശോധന മാത്രമാണ് നടക്കുന്നത്. ബിജെപിക്ക് സ്വാധീനമുളള മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണം സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യംവച്ചെന്നും കടകംപളളി പറഞ്ഞു. അതേസമയം ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഓഫീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam