ഹര്‍ത്താല്‍ ഭക്തരോടുളള യുദ്ധപ്രഖ്യാപനം; തീർഥാടകർക്ക് പോലും ഇളവില്ല: കടകംപളളി

By Web TeamFirst Published Nov 17, 2018, 12:57 PM IST
Highlights

ഹർത്താലിൽ തീര്‍ത്ഥാടകര്‍ക്ക് പോലും ഇളവ് നല്‍കാതിരുന്നത് ശരിയല്ലെന്ന് കടകംപളളി സുരേന്ദ്രന്‍. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമായി. ഹര്‍ത്താല്‍ നടത്തുന്നത് ഭക്തരോടുളള യുദ്ധപ്രഖ്യാപനമാണ്.

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി‍. തീര്‍ത്ഥാടകര്‍ക്ക് പോലും ഇളവ് നല്‍കാതിരുന്നത് ശരിയല്ലെന്ന് കടകംപളളി സുരേന്ദ്രന്‍ പറ‍ഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമായി. ഹര്‍ത്താല്‍ നടത്തുന്നത് ഭക്തരോടുളള യുദ്ധപ്രഖ്യാപനമാണ്.

കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദര്‍ശനം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധി വേണ്ടേ എന്നും മന്ത്രി ചോദിച്ചു. ഭക്തയെന്ന നിലയിലല്ല കെ.പി.ശശികല സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചത്. രാത്രി സന്നിധാനത്ത് തങ്ങാനാകില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചതാണ്. നിരോധനാജ്ഞ ലംഘിച്ചും സന്നിധാനത്തേയ്ക്ക് പോകുമെന്ന് പ്രഖ്യാപിച്ച് മരക്കൂട്ടത്ത് പ്രതിഷേധിച്ചപ്പോഴാണ് ശശികലയെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

വാർത്താസമ്മേളനത്തിന് മുമ്പ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് മന്ത്രി പറഞ്ഞു. ഡിജിപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി. 

click me!