
തിരുവനന്തപുരം: പ്രിയപ്പെട്ട ബാലുവിനെ കാണാൻ കണ്ണൂരിലെ വീട്ടിൽ നിന്നും കൈതപ്രം ദാമോദരൻ നമ്പൂതിരിയെത്തിയത് ഇന്നലെ രാവിലെയാണ്. എന്നാൽ മണിക്കൂറുകൾക്ക് മുമ്പ് തനിക്ക് അനിയനായ ബാലഭാസ്കർ ഈ ലോകത്ത് നിന്ന് യാത്ര പോലും പറയാതെ പോയെന്ന് അദ്ദേഹം അറിഞ്ഞില്ല. അപകടവാർത്തയറിഞ്ഞ് ബാലുവിനെ കാണാനാണ് അദ്ദേഹം എത്തിയത്. അതുകൊണ്ട് തന്നെ ആദ്യം ആശുപത്രിയിലെത്തി ബാലുവിനെ കണ്ട്, ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ അതൊന്നുമായിരുന്നില്ലല്ലോ വിധിയുടെ തീരുമാനം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ സുഹൃത്താണ് ബാലു മരിച്ച വിവരം അറിയിക്കുന്നത്.
''അനിയനെപ്പോലെ ആയിരുന്നു എനിക്ക് ബാലു. മംഗല്യപ്പല്ലക്ക് എന്ന ബാലുവിന്റെ ആദ്യ സിനിമയിൽ വരികളെഴുതിയത് ഞാനായിരുന്നു. അന്നുതൊട്ട് ബാലുവിനെ അറിയാം. ബാലുവിന്റെ വിയോഗവാർത്ത പറഞ്ഞപ്പോൾ തകർന്നുപോയി. വിശ്വസിക്കാൻ സാധിക്കുന്നില്ല. താങ്ങാനും വയ്യ.'' കൈതപ്രം കണ്ണീരോടെ പറയുന്നു. ബാലു ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥനയോടെയാണ് കാത്തിരുന്നത്. എല്ലാക്കാര്യങ്ങളിലും വിളിച്ച് അഭിപ്രായം ആരായുകയും അന്വേഷിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു ബാലഭാസ്കർ. പതിനേഴാമത്തെ വയസ്സിലാണ് സിനിമയിലെത്തിയതെങ്കിലും സംഗീതത്തിൽ വളരെ പക്വമായ നിലപാടുകളായിരുന്നു ബാലുവിന്റേതെന്ന് കൈതപ്രം പറയുന്നു. കണ്ണീരോടെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ പൊതു ദർശനത്തിന് വച്ച് ബാലുവിന്റെ ഭൗതിക ശരീരത്തിന് അദ്ദേഹം അന്ത്യാജ്ഞലി അർപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam