ദീപാ നിശാന്ത് വിധികർത്താവായ ഉപന്യാസമത്സരത്തിന് വീണ്ടും മൂല്യനിർണയം?

By Web TeamFirst Published Dec 8, 2018, 4:27 PM IST
Highlights

കലോത്സവത്തിൽ ദീപാ നിശാന്തിനെ വിധി കർത്താവാക്കിയത് വിവാദമായിരുന്നു. പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അനുനയനീക്കം.

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിർണയം നടത്തും. കവിതാ മോഷണ വിവാദത്തിൽ പെട്ട ദീപാ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ നീക്കം. പരാതി കിട്ടിയാൽ ഹയർ അപ്പീൽ സമിതിയെ കൊണ്ട് മൂല്യ നിർണയം നടത്താനാണ് നീക്കം. അതേസമയം, ദീപാ നിശാന്തിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ എസ് യു.

മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു. ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു. 

പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്‍റെ പ്രതികരണം. സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു. കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ദീപാ നിശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വിധിനിര്‍ണ്ണയത്തിന് ശേഷം പൊലീസ് വാഹനത്തിലാണ് ദീപാ നിശാന്ത് മടങ്ങിയത്. എന്നാൽ കവിതാ മോഷണ വിവാദം ഉണ്ടാകുന്നതിനും മുമ്പാണ് ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന്‍റെ വിധികർത്താവായി നിശ്ചയിച്ചതെന്നും വിവാദവുമായി ഇതിന് ബന്ധമില്ലെന്നാണ് അധികൃതർ നിലപാടെടുത്തത്. 

click me!