കല്ല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണം തട്ടിയ കേസ്; എട്ടംഗ സംഘത്തെ കുറിച്ച് സൂചന

By Web TeamFirst Published Jan 12, 2019, 10:59 PM IST
Highlights

ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി പോയ വാഹനമാണ് പട്ടാപ്പകൽ ദേശീയ പാതയിൽ വച്ച് തട്ടിക്കൊണ്ടുപോയത്. രണ്ടു കാറുകളിലെത്തിയ സംഘം ജ്വല്ലറി വാഹനത്തെ ഇടിച്ചുനിർത്തി ജീവനക്കാരെ പുറത്തിറക്കിയായിരുന്നു കവർച്ച നടത്തിയത്

തൃശൂര്‍: കല്യാൺ ജ്വല്ലറിയുടെ ആഭരണങ്ങൾ കവർന്നത് തൃശ്ശൂരിൽ നിന്നുളള കവർച്ച സംഘമെന്ന് സൂചന. എട്ടുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ ഉടന്‍ വലയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി പോയ വാഹനമാണ് പട്ടാപ്പകൽ ദേശീയ പാതയിൽ വച്ച് തട്ടിക്കൊണ്ടുപോയത്.

രണ്ടു കാറുകളിലെത്തിയ സംഘം ജ്വല്ലറി വാഹനത്തെ ഇടിച്ചുനിർത്തി ജീവനക്കാരെ പുറത്തിറക്കിയായിരുന്നു കവർച്ച നടത്തിയത്. ഇതിലൊരു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇടിക്കാനുപയോഗിച്ച തമിഴ്നാട് രജിസ്ട്രേഷനിലുളള ആൾട്ടോ കാർ വെല്ലൂരിൽ വച്ചാണ് കണ്ടെത്തിയത്.

എട്ട് മാസങ്ങൾക്ക് മുമ്പ് തൃശ്ശുർ സ്വദേശി വാങ്ങിയ കാറാണിതെന്ന് തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചു. ജ്വല്ലറിയിലേക്കുളള സ്വർണാഭരണങ്ങൾ സ്ഥിരമായി കവർച്ച ചെയ്യുന്ന കോടാലി ശ്രീധരന്റെ സംഘമാണ് ഇതിന് പുറകിലെന്നാണ് തമിഴ്നാട് പൊലീസ് നൽകുന്ന സൂചന.

കവർച്ച സംഘത്തിൽപ്പെട്ട അഞ്ചുപേരെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് പൊലീസ് തിരിച്ചറിഞ്ഞു. ഇവർ തൃശ്ശൂർ സ്വദേശികളാണെന്നാണ് സൂചന. പ്രതിക‌ൾക്കായി കർണാടകയിലും ഗോവയിലുമടക്കം അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെല്ലാം പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. 

click me!