കനകദുർഗ വീട്ടിൽ തിരിച്ചെത്തി; ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറി

By Web TeamFirst Published Feb 5, 2019, 8:36 PM IST
Highlights

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. 

പെരിന്തൽമണ്ണ: ശബരിമല ദര്‍ശനം നടത്തിയതിന്‍റെ പേരിൽ  വീട്ടില്‍‌ പ്രവേശനം നിഷേധിക്കപ്പെട്ട  കനക ദുർഗ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തി. പുലാമന്തോൾ ഗ്രാമ ന്യായാലയത്തിന്‍റെ ഉത്തരവ് പ്രകാരമാണ് കനക ദുർഗ വീട്ടിൽ തിരിച്ചെത്തിയത്.  കനക ദുർഗയെ ആരും തടയരുതെന്നും ഭർത്താവിന്‍റെ പേരിലുള്ള വീട് തൽക്കാലം വിൽക്കരുതെന്നും പുലാമന്തോൾ ഗ്രാമന്യായാലയം വിധി പറഞ്ഞു. കനകദുർഗ എത്തിയതോടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറിയിരിക്കുകയാണിപ്പോൾ.

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. ശബരിമലയിൽ പോയി തിരിച്ചെത്തിയ കനകദുർഗയെ പിന്നീട് വീട്ടിൽ കയറാൻ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് കയറാൻ ശ്രമിച്ച കനകദുർഗയെ ഭർതൃമാതാവ് മർദ്ദിച്ചെന്ന് അവർ പരാതി നൽകിയിരുന്നു. പട്ടിക എടുത്ത് തലയ്ക്കടിച്ചെന്നായിരുന്നു പരാതി. പരിക്കേറ്റ കനകദു‍ർഗ ആശുപത്രിയിലായിരുന്നു. എന്നാൽ കനകദുർഗ തിരികെ മർദ്ദിച്ചെന്നാരോപിച്ച് ഭർതൃമാതാവും ചികിത്സ തേടി. 

ആശുപത്രിയിൽ നിന്ന് തിരികെ എത്തിയ ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 

അതേസമയം, പൊലീസ് സുരക്ഷയിലും  വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു വെളിപ്പെടുത്തിയിരുന്നു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേഹോമില്‍ കനകദുര്‍ഗയുടേതെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ്  മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് ബിന്ദു. സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് ബിന്ദു ആരോപിച്ചത്.

click me!