പൊലീസുമായി കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തുന്നത് ഉചിതമല്ല: മുഖ്യമന്ത്രിയെ ന്യായീകരിച്ച് കാനം

By Web TeamFirst Published Feb 22, 2019, 3:00 PM IST
Highlights

പോലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകളിൽ  സന്ദർശനം നടത്തുന്നത് ഉചിതമല്ലല്ലോയെന്നും കാനം രാജേന്ദ്രൻ കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട്: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിൻമാറിയ സംഭവത്തിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

പെരിയയിലെ വീടുകളിൽ പോകാൻ മുഖ്യമന്തി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാണ് സന്ദർശനം ഒഴിവാക്കിയതെന്നും കാനം രാജോന്ദ്രൻ പറഞ്ഞു.പോലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകളിൽ  സന്ദർശനം നടത്തുന്നത് ഉചിതമല്ലല്ലോയെന്നും കാനം രാജേന്ദ്രൻ കോഴിക്കോട് നടത്തിയ പത്ര സമ്മേളനത്തിൽ  ചോദിച്ചു.

കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചെന്നും ഇതിനായി സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ചര്‍ച്ച നടത്തിയെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചേക്കുമെന്ന് പ്രാദേശിക സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടർന്ന് നീക്കത്തിൽ നിന്നും പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സർക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
 

click me!