
സിപിഐയില്‍ സവര്‍ണ്ണാധിപത്യമെന്നും കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായെന്നുമുള്ള ആരോപണവുമായി മുന്‍ ജെഎന്‍യു യൂണിറ്റ് സെക്രട്ടറി ജയന്ത് ജിഗ്യാസു. സിപിഐയുടെയും എഐഎസ്എഫിന്‍റെയും പ്രാഥമികാംഗത്വത്തില്‍ നിന്നും ജെഎന്‍യു യൂണിറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ച ജയന്ത് ജിഗ്യാസുവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിക്ക് എഴുതിയ രാജിക്കത്തിലാണ് പാര്‍ട്ടിക്കെതിരെയും കനയ്യകുമാറിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ജില്ലാ കമ്മറ്റിയുടെ തീരുമാനമില്ലാതെ ഏങ്ങനെയാണ് കനയ്യ കുമാര്‍ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. സഖാവ് കെ.നാരായണ്‍ കനയ്യയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സംഘടനയെ ഹൈജാക്ക് ചെയ്യാനായിരുന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ജയന്ത് എഴുതുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടികളാണ് എന്നും കനയ്യ കുമാറില്‍ നിന്നും ഉണ്ടായിട്ടുള്ളത്. നിര്‍ബന്ധിത അറ്റന്‍ഡന്‍സിനെതിരെ ആദ്യം അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട്, അതിനെതിരെ സമരം ചെയ്യുന്ന യൂണിവേഴ്സിറ്റി യൂണിയനോടും പ്രസ്ഥാനത്തോടും കനയ്യ വഞ്ചന കാണിച്ചു.
സംവരണത്തിനെതിരെ കനയ്യ കുമാറിന്‍റെ നിലപാടുകളും പാര്‍ട്ടിയുയര്‍ത്തിയ രാഷ്ട്രീയത്തിന് എതിരായിരുന്നു. പക്ഷേ കനയ്യയെ തിരുത്താന്‍ പാർട്ടി തയ്യാറായില്ല. മാത്രമല്ല പലപ്പോഴും കനയ്യയുടെ തീരുമാനങ്ങളാണ് പാര്‍ട്ടി തീരുമാനമായി മാറിയതെന്നും ജയന്ത് ആരോപിക്കുന്നു. സംഘടന ഇതുവഴി വ്യക്തി കേന്ദ്രീതമായെന്നും ജനാധിപത്യം നഷ്ടപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു.
പാർട്ടി വേദികള്‍ പോലും ഒരു ജാതി സംഘം കൈയടക്കി വച്ചിരിക്കുകയാണ്. അവര്‍ പറയുന്നത് മറ്റുള്ളവര്‍ അംഗീകരിക്കണമെന്നാണ് പാർട്ടിയിലെ അലിഖിത നിയമം. പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഡി.രാജ വേണം. എന്നാല്‍ അദ്ദേഹത്തിന് പാര്‍ട്ടി ഒരിക്കലും നേതൃപദവി നല്‍കാതിരുന്നത് എന്ത് കൊണ്ടാണെന്നും രാജിക്കത്തില്‍ ചോദിക്കുന്നു.
പാർട്ടിയില്‍ നിന്ന് നിരവധിയാളുകള്‍ പോകുമ്പോഴും പാർട്ടി എന്തിനാണ് അതിന് കാരണക്കാരായവരെ സംരക്ഷിക്കുന്നത്. ലിംഗ നീതിയും മൂല്യബോധവും പ്രസംഗിക്കുന്ന പാര്‍ട്ടിക്ക് ഒരിക്കലും ഇത്തരം കാര്യത്തില്‍ ഒരു നിലപാട് ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി ഓഫീസിലെ തൂപ്പുകാര്‍ക്ക് മാന്യമായ ശമ്പളം പോലും നല്‍കാന്‍ തയ്യാറാകാത്ത പാര്‍ട്ടിയെങ്ങനെയാണ് സമത്വത്തിന് വേണ്ടി വാദിക്കുകയെന്നും ജയന്ത് തന്‍റെ രാജിക്കത്തില്‍ ചോദിക്കുന്നു.
പാര്‍ട്ടിയില്‍ മേല്‍ജാതി ആധിപത്യമാണ് നിലനില്‍ക്കുന്നത്. എല്ലാ തീരുമാനങ്ങളും വ്യക്തിപരമാണ്. ഇത്തരമൊരവസ്ഥയില്‍ ജനാധിപത്യം പുലരാത്ത ഒരു പാര്‍ട്ടിയില്‍ ഏങ്ങനെ നിലനില്‍പ്പ് സാധ്യമാകും എന്നും പാര്‍ട്ടിയില്‍ നിന്ന് തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നുവെന്നും ജയന്ത് ജിഗ്യാസു പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam