
ബെംഗലൂരു: ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ കന്നഡ നടനും നിര്‍മ്മാതാവുമായ ദുനിയ വിജയ് അറസ്റ്റില്‍. മാരുതി ഗൗഡ എന്ന സെലിബ്രിറ്റി ജിം പരിശീലകനെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.
മാരുതി ഗൗഡയുടെ ബന്ധുവും ജിം പരിശീലനകേന്ദ്രത്തിന്റെ ഉടമസ്ഥനുമായ കൃഷ്ണമൂര്‍ത്തി നല്‍കിയ പരാതിയിലാണ് പൊലീസ് ദുനിയ വിജയിയെ കസ്റ്റഡിയിലെടുത്തത്. അംബേദ്കര്‍ ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജിം പരിശീലകനുമായി വഴക്കുണ്ടാവുകയും പിന്നീട് പരിപാടിക്ക് ശേഷം ഇയാളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
കസ്റ്റഡിക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ നാടകീയ സംഭവങ്ങളാണ് നടന്നത്. പരാതിക്കാരനായ കൃഷ്ണമൂര്‍ത്തിയും നടനും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് കയ്യേറ്റമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് നടന്റെ വാഹനത്തിന് നേരെ കല്ലേറും നടന്നു. തുടര്‍ന്ന് ആറ് മണിക്കൂറോളം ദുനിയ വിജയിയെ പൊലീസ് ചോദ്യം ചെയ്തു. ഇതിന് ശേഷം മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തേ സിനിമാ ഷൂട്ടിംഗിനിടെ തടാകത്തിലേക്ക് ചാടിയ രണ്ട് താരങ്ങള്‍ മുങ്ങിമരിച്ച സംഭവത്തില്‍ നിര്‍മ്മാതാവിനെ ഒളിപ്പിച്ചുവെന്ന കേസിലും ദുനിയ വിജയ് പെട്ടിരുന്നു. ഈ കേസില്‍ നടന്‍ ജാമ്യത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam