'അംഗീകാരം കിട്ടുമ്പോള്‍ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നം'; സെന്‍കുമാറിനെതിരെ കണ്ണന്താനം

Published : Jan 27, 2019, 10:31 AM ISTUpdated : Jan 27, 2019, 02:04 PM IST
'അംഗീകാരം കിട്ടുമ്പോള്‍ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നം'; സെന്‍കുമാറിനെതിരെ കണ്ണന്താനം

Synopsis

ഈ അവാർഡ് ലഭിച്ചതിൽ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാൻ നമ്മൾ ശ്രമിക്കണം. നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം.

കൊച്ചി: പത്മഭൂഷൺ പുരസ്കാരം നേടിയ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വിമർശിച്ച ടി പി സെൻകുമാറിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. അംഗീകാരം കിട്ടുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. വിവാദത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ്.

പത്മ അവാർഡ് വിവാദത്തിൽ ബിജെപി സംസ്ഥാന നേതൃത്വം സെൻകുമാറിനെ തള്ളാനോ കൊള്ളാനോ തയ്യാറായിരുന്നില്ല. സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്നതിനിടെ സെൻകുമാർ ഉണ്ടാക്കിയ വിവാദത്തിൽ പാർട്ടി പ്രതിരോധത്തിലായിരിക്കെയാണ് കണ്ണന്താനത്തിൻറെ വിമർശനം. സെൻകുമാറിനെ ചൊല്ലി ബിജെപി സംസ്ഥാന ഘടകത്തിലും രൂക്ഷമായ ഭിന്നതയുണ്ട്. സെൻകുമാറിനെ കൊണ്ടുവരാനുള്ള ആർ എസ് എസ് നീക്കത്തെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പിന്തുണച്ചിരുന്നു. 

സെൻകുമാറിന്‍റെ വരവിനോട് വലിയ താല്പര്യം കാണിക്കാതിരുന്ന മുരളീധരപക്ഷം അവസരം മുതലാക്കുകയാണ്. കേന്ദ്രസർക്കാറിനെ സംശയനിഴലിൽ നിർത്തിയ സെൻകുമാറിനെതിരായ നേതൃത്വത്തിന്‍റെ മൗനത്തിൽ മുരളീധരപക്ഷം അതൃപ്തരാണ്. ബി ജെ പിയിലെ ആശയക്കുഴപ്പം മുതലാക്കി സെൻകുമാറിനെതിരായ നിലപാട് കടുപ്പിക്കുകയാണ് സിപിഎം.

സെൻകുമാറിനോട് മൃദുസമീപനം പുലർത്തുന്ന കോൺഗ്രസ് ഇതുവരെ വിവാദത്തിൽ കക്ഷിചേരാൻ തയ്യാറായില്ല. അതിനിടെ സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നൗഷാദ് തെക്കയിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാജ്യത്തെയും സുപ്രീം കോടതിയെയും അപമാനിച്ചുവെന്നാണ് പരാതി.

നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്‍റെ വിമര്‍ശനം. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷൻ കിട്ടുമോ? നമ്പി നാരായണൻ ഐഎസ്ആർഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നൽകിയതെന്നും സെന്‍കുമാര്‍ ചോദിച്ചത്. 

ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്പും ഇക്കാര്യം ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായരടക്കമുള്ളവരോട് താൻ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാർഡ് സ്പോൺസർ ചെയ്തവരും അവാർഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച് സുപ്രീംകോടതി നിർദേശപ്രകാരം ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്. മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലർക്കും അവാർഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും വേർതിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാൾ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലർക്കും അവാർഡ് കൊടുത്തില്ലെന്നും സെന്‍കുമാർ പറഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്; വിവിധയിടങ്ങളിൽ കഞ്ചാവ് പിടികൂടി, പിടിയിലായത് ഇതര സംസ്ഥാനക്കാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്നുപോയ പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു