മലപ്പുറത്ത് മഞ്ചേരിയിലും തിരൂരിലുമായി പോലീസ്, എക്സൈസ് വകുപ്പുകൾ നടത്തിയ വ്യത്യസ്ത പരിശോധനകളിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ബംഗാൾ സ്വദേശികളായ രണ്ടുപേരിൽ നിന്നായി കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
മലപ്പുറം: മലപ്പുറത്ത് വിവിധ ഇടങ്ങളിലായി കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വില്പ്പനക്കായി കൊണ്ടുവന്ന 2.6 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണനഗര്‍ ദക്ഷിണ്പര സ്വദേശി സമീം മൊണ്ടേലി (30) നെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പൊലീസ് ഇൻസ്പെക്ടര്‍ വി. പ്രതാപ് കുമാര്‍, സബ് ഇൻസ്പെക്ടർ വി.എസ്. അഖില്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ഡാന്‌സാഫ് ടീമിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
യുവാവ് ബൈക്കില്‍ കഞ്ചാവ് കടത്തുന്നുവെന്ന് എസ്ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രി തൃക്കലങ്ങോട് എല്‍പി സ്‌കൂള്‍ പരിസരത്തു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ക്രിസ്മസ് - പുതുവത്സര സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും തിരൂര്‍ എക്‌സൈസ് റേഞ്ചും സംയുക്ത മായി നടത്തിയ ലേബര്‍ ക്യാമ്പ് പരിശോധനയില്‍ തിരുരില്‍ അരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പിന്റോ മോമിനെയാണ് (35) അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ സൂരജും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ മയക്കുമരുന്നിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും അധികൃത വില്‍പന വര്‍ധിക്കുന്നുവെന്ന എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധനയില്‍ മൂന്ന് കിലോ പുകയിലയും പിടികൂടിയിട്ടുണ്ട്. റെയ്ഡില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ പ്രഗേഷ്, എംപി മുഹമ്മദാലി, പ്രിവന്റിവ് ഓഫിസര്‍ എം കെ ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.
