യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കണ്ണൂര്‍ വിമാനത്താവളത്തില്‍ ക്യൂവില്‍ നില്‍ക്കണ്ട, സ്വയം ചെക്ക് ഇൻ ചെയ്യാം

By Web TeamFirst Published Dec 5, 2018, 9:16 AM IST
Highlights

ചെക്ക് ഇൻ ചെയ്യാൻ ആഭ്യന്തര-അന്താരാഷ്ട്ര വ്യത്യാസമില്ലാതെ ഇന്റഗ്രേറ്റഡ് ടെർമിനലാണ്. 24 ചെക്ക് ഇൻ കൗണ്ടറുകളിലായി ഏത് യാത്രക്കാരനും ഈ നടപടികളെല്ലാം വേഗം പൂർത്തിയാക്കാം. മൂന്ന് ബാഗേഡ് ബെൽറ്റുകൾ തിരക്കിനനുസരിച്ച് മാറ്റാനുമാകും.

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നടപടികളിലെ കാലതാമസം കൊണ്ട് ക്യൂ നിന്ന് കഷ്ടപ്പെടേണ്ടി വരില്ല. സ്വയം ചെക്ക് ഇൻ ചെയ്യാനും, ബാഗേജ് പരിശോധിക്കാനും ഉള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇൻ ലൈൻ എക്സ്റേ സംവിധാനവും കണ്ണൂരിലുണ്ട്

ചെക്ക് ഇൻ ചെയ്യാൻ എയർലൈനുകളുടെ കൗണ്ടറിൽ പോകേണ്ടതില്ലെന്നത് ആദ്യ സൗകര്യം. അതിന് സെൽഫ് ചെക്ക് ഇൻ മെഷീനുണ്ട്. സ്വയം ചെക്ക് ഇൻ ചെയ്യാം. ബോർഡിങ് പാസ് ലഭിച്ചു കഴിഞ്ഞാൽ ബാഗേജുമായും അലയേണ്ടതില്ല. തുടക്കത്തിൽ ആഭ്യന്തര യാത്രക്കാർക്ക് സെൽഫ് ബാഗേജ് ഡ്രോപ്പ് മെഷീൻ ഉപയോഗിക്കാം. ബാഗേജ് പരിശോധനയ്ക്ക് എക്സ്റേ മെഷീനടുത്തേക്കും പോകേണ്ട. ഇൻ - ലൈൻ എക്സ്റേ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നേരിട്ട് കൗണ്ടറിൽ പോകാം.

ടെർമിനലിനുമുണ്ട് പ്രത്യേകത. ചെക്ക് ഇൻ ചെയ്യാൻ ആഭ്യന്തര-അന്താരാഷ്ട്ര വ്യത്യാസമില്ലാതെ ഇന്റഗ്രേറ്റഡ് ടെർമിനലാണ്. 24 ചെക്ക് ഇൻ കൗണ്ടറുകളിലായി ഏത് യാത്രക്കാരനും ഈ നടപടികളെല്ലാം വേഗം പൂർത്തിയാക്കാം. മൂന്ന് ബാഗേഡ് ബെൽറ്റുകൾ തിരക്കിനനുസരിച്ച് മാറ്റാനുമാകും. ഡേ ഹോട്ടലാണ് മറ്റൊരു പ്രത്യേകത. ഹോട്ടൽ മുറിയെടുക്കാതെ ഏതാനും മണിക്കൂറുകൾക്ക് മാത്രമായി ടെർമിനലിൽ തന്നെ വിശ്രമമുറികൾ ലഭിക്കും. 20 മുറികൾ പൂർത്തിയായിക്കഴിഞ്ഞു. പ്രവർത്തനം തുടങ്ങുന്ന വിമാനത്താവളം എന്ന നിലയിൽ മറ്റിടങ്ങൾക്ക് നൽകിയതിനേക്കാൾ കൂടുതൽ ഊന്നൽ കണ്ണൂ‍ർ വിമാനത്താവളത്തിന് നൽകിയിട്ടുണ്ട്. ബാഗേജ്, ബോർഡിങ് പാസ് എന്നിവക്കുളള സ്റ്റാമ്പിങ് കൂടി ഒഴിവാക്കിയുള്ള സൗകര്യങ്ങളൊരുക്കാനാണ് ശ്രമം. 

ഒരു മണിക്കൂറിൽ രണ്ടായിരം യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന ടെർമിനലിലെ സ്ഥല സൗകര്യവും വിശാലമാണ്. ടെർമിനൽ ഇനിയും വികസിപ്പിക്കാനുമാകും. എല്ലാം കഴിഞ്ഞ് വിമാനത്തിലേക്കെത്താൻ 6 എയറോബ്രിഡ്ജുകളും സജ്ജം. 

click me!