സ്വപ്നച്ചിറകിലേറി കണ്ണൂർ‍; വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

By Web TeamFirst Published Dec 9, 2018, 10:10 AM IST
Highlights

സ്വപ്നത്തിലേക്ക് കുതിച്ച് കണ്ണൂർ. അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു. ആദ്യവിമാനം അബുദാബിയിലേക്ക് പറന്നു. ചടങ്ങ് ബഹിഷ്കരിച്ച് യുഡിഎഫ്. 

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേർന്ന് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു. 

അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്. രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.

തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.

click me!