രാഷ്ട്രീയത്തിലേക്കില്ല, സിനിമയിൽ തന്നെ തുടരും; അഭ്യൂഹങ്ങളോട് പ്രതികരിച്ച് കരീന കപൂർ

By Web TeamFirst Published Jan 22, 2019, 3:49 PM IST
Highlights

''ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ല. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സിനിമയിൽ മാത്രമായിരിക്കും എന്റെ ശ്രദ്ധ.'' കരീന പറഞ്ഞു.
 

ദില്ലി: രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് ബോളിവുഡ് താരം കരിന കപൂർ. ഈ വിഷയത്തെ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകളിൽ സത്യമില്ലെന്നും സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും കരീന മാധ്യമങ്ങളോട് വെളിപ്പെടുത്തി. ''ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ല. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. സിനിമയിൽ മാത്രമായിരിക്കും എന്റെ ശ്രദ്ധ.'' കരീന പറഞ്ഞു.

വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി കരീന എത്തുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍  താരം നേരിട്ടാണ് ഈ വാർത്ത നിഷേധിച്ചിരിക്കുന്നത്. മാധുരി ദീക്ഷിതിന് പിന്നാലെ കരീനയും രാഷ്ട്രീയത്തിലേക്ക് എന്നായിരുന്ന പുറത്തുവന്ന റിപ്പോർട്ട്. ഭോപ്പാലിൽ  കരീനയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം കോൺ​ഗ്രസിലെ യോ​ഗേന്ദ്രസിം​ഗ് ചൗഹാൻ മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഇതിനെതിരെ കോൺ​ഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കാലത്തൊന്നും കോൺ​ഗ്രസിന് വിജയം നേടാൻ സാധിക്കാത്ത മണ്ഡലമാണ് ഭോപ്പാൽ. 

ബിജെപി സ്ഥാനാർത്ഥികളായി നിരവധി സെലബ്രിറ്റികൾ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ​ഗൗതം ​ഗംഭീർ, സണ്ണി ഡിയോൾ, അജയ് ദേവ്​ഗൺ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവരുടെ പേരുകളാണ് ഈ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.  

click me!