ജനുവരി 15 മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ഭാഗികമായി അടച്ചിടും

By Web DeskFirst Published Dec 16, 2017, 1:08 AM IST
Highlights

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ ജനുവരി 15 മുതല്‍  ഭാഗികമായി അടച്ചിടും.സുരക്ഷാ മേഖലയുടെ  നീളംകൂട്ടുന്നതിനാണ് നടപടി.   അറ്റകുറ്റപ്പണി ‍പുര്‍ത്തിയാകുന്നതോടെ സര്‍വ്വീസ് നിര്‍ത്തിയ വിമാനങ്ങള്‍ വീണ്ടും കരിപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷ. റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ അഥവ റിസയുടെ നീളം കൂട്ടുന്നതിനാണ് റണ്‍വെ ഭാഗികമായി അടച്ചിടുന്നത്.

ഉച്ചയ്‌ക്ക് 12 മുതല്‍ രണ്ടര വരേയും, മൂന്നര മുതല്‍ രാത്രി എട്ടു വരെയുമാണ് റണ്‍വെ അടച്ചിടുക. നിയന്ത്രണം ജൂണ്‍ 30 വരെ തുടരും. ഇതില്‍ മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 30 വരെ ഉച്ചയ്‌ക്ക് 12 മുതല്‍ രാത്രി എട്ടു വരെ പൂര്‍ണമായും അടച്ചിടും. കരിപ്പൂരില്‍  നിലവില്‍ റീസയുടെ നീളം 90 മീറ്റര്‍ മാത്രമാണ്. സുരക്ഷയുടെ ഭാഗമായി ഇത് വര്‍ദ്ധിപ്പിക്കണമെന്ന് വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

നീളം 90 ല്‍ നിന്ന് 240 മീറ്ററാക്കാനാണ് പദ്ധതി. ഇതിനായി റണ്‍വെയുടെ നീളം കുറയ്‌ക്കും. പ്രവൃത്തി പൂര്‍ത്തിയാവുമ്പോള്‍ റണ്‍വെയുടെ നീളം 2700 മീറ്ററായി കുറയും. വെളിച്ച സംവിധാനവും പുനക്രമീകരിക്കേണ്ടി വരും. കരിപ്പൂരിന് നഷ്‌ടമായ ഇടത്തരം വിമാനങ്ങള്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ തിരച്ചെത്തുമെന്നാണ് പ്രതീക്ഷ.

click me!