'ശതം സമര്‍പ്പയാമി' പണമെത്തിയത് ദുരിതാശ്വാസ നിധിയില്‍; നടന്നത് ധനാപഹരണമെന്ന് ശശികല

By Web TeamFirst Published Jan 21, 2019, 1:36 PM IST
Highlights

സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

തിരുവനന്തപുരം:  ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പരിപാടിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ സമിതി നിയമനടപടിക്കൊരുങ്ങുന്നു. സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.

ശബരിമല വിഷയത്തില്‍ പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് 'ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്നേഹാശ്ളേഷം' എന്ന പേരില്‍ ഇക്കഴിഞ്ഞ 17ന് ശബരിമല കര്‍മ സമിതി ഈ വീഡിയോ പുറത്തിറക്കിയത്. ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാന്‍ 100 രൂപ സംഭാവന ചെയ്ത് റസീപ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കര്‍മസമിതി നേതാവ് കെ.പി ശശികലയുടെ ആഹ്വാനം. എന്നാല്‍ പിന്നാലെ കെ. സുരേന്ദ്രന്‍റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു. 

ഇത് കര്‍മ സമിതി അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ച് പലരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു. ഇത്തരത്തില്‍ കര്‍മ സമിതിക്കു കിട്ടേണ്ട രണ്ടു ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നാണ് പരാതി. ധനാപഹരണവും വഞ്ചനയുമാണ് നടന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കര്‍മ സമിതി നേതാക്കള്‍ പറഞ്ഞു. പലരും കബളിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ അക്കൗണ്ട് നമ്പറിന് പരാമവധി പ്രചാരണം നല്‍കാനും കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് 100 രൂപ സംഭാവന ചെയ്ത് സ്ക്രീന്‍ ഷോട്ടെടുത്ത് പ്രചരിപ്പിക്കാനുളള ആഹ്വാനവുമായി ഇടതു ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്.

click me!