മുനമ്പം മനുഷ്യക്കടത്ത്: ദയാ മാത ബോട്ടിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Jan 21, 2019, 12:53 PM IST
Highlights

മുഖ്യപ്രതി ശെൽവൻ ബോട്ടിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നൂറലധികം ആളുകളെ അടിത്തട്ടിലടക്കം നിറച്ചാണ് ദയാമാതാ ബോട്ട് മുനമ്പത്ത് നിന്ന് പോയത്. 

കൊച്ചി: മുനമ്പത്ത് നിന്ന് ആളുകളുമായി പോയ ദയാ മാത ബോട്ടിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുഖ്യപ്രതി ശെൽവൻ ബോട്ടിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നാല്പതോളം പേര്‍ക്ക് കഷ്ടിച്ച് സഞ്ചരിക്കാവുന്ന ബോട്ടില്‍ നൂറിലധികം ആളുകളെ അടിത്തട്ടിലടക്കം നിറച്ചാണ് ദയാമാതാ ബോട്ട് മുനമ്പത്ത് നിന്ന് പോയത്. 

ശെല്‍വന്‍ ശ്രീകാന്തന്‍, മുഖ്യ ഇടനിലക്കാര്‍ എന്നിവര്‍ ബോട്ടിലുണ്ടെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുനമ്പത്തെത്തി  ഇന്ധനം നിറച്ച ശേഷം പുറപ്പെടുന്ന ദൃശ്യങ്ങളാണിത്.  മുനമ്പത്ത് നിന്ന് 13,386 ലിറ്റര്‍ ഇന്ധനമാണ് ബോട്ടില്‍ നിറച്ചത്. വെള്ളം നിറയ്ക്കുന്ന ടാങ്കിൽ അടക്കം ഇന്ധനം നിറച്ചുവെന്നാണ് ഇടനിലക്കാരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രഭു അടക്കമുള്ളവര്‍ ഇത് സ്ഥിതീകരിച്ചു. 

 

 

ഇരുപത് ദിവസത്തേക്കുള്ള അരിയും സാധനങ്ങളുമാണ് കൊണ്ടുപോയതെന്നും ഇടനിലക്കാര്‍ പൊലീസിനോട് വിശദമാക്കി. ബോട്ടിന്‍റെ അടിത്തട്ടിലെ ഫ്രീസര്‍ അടക്കമുള്ള ഭാഗങ്ങള്‍ പൊളിച്ച് ആളുകളെ പാര്‍പ്പിക്കാനാവശ്യമായ സ്ഥലം ഉണ്ടാക്കിയതായും അറസ്റ്റിലായവര്‍ പൊലീസിനെ അറിയിച്ചു. 

അതേസമയം മുനമ്പം മനുഷ്യക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. ഐ.ബി ഉദ്യോഗസ്ഥരാണ് ആലുവയിൽ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓസ്ട്രേലിയ ന്യൂസിലാന്‍റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി പൊലീസ് നേരെത്തെ ആശയ വിനിമയം നടത്തിയിരുന്നു.  ബോട്ടിൽ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്‍റിൽ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ്  രാജ്യാന്തര ഏജൻസികളുടെ സഹായം തേടിയത്.

click me!